കനോലി കനാല്‍ ഇനി തെളിഞ്ഞൊഴുകും
പൊന്നാനി: സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന നഗരമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മുഴുവന്‍ ജല സ്രോതസുകളേയും മാലിന്യ മുക്തമാക്കാനുള്ള മാതൃക പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കമായി.
കനോലി കനാല്‍ അടക്കമുള്ള ജല സ്രോതസുകളുടെ പരിസരങ്ങളിലെ വീടുകളില്‍ സൗജന്യമായി അഡ്വാന്‍സ്ഡ് സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിച്ചാണ് നഗരസഭ മാതൃകയാകുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഡ്വാന്‍സ്ഡ് പോര്‍ട്ടബിള്‍ സെപ്റ്റിക് ടാങ്കുകളാണ് ഇതിനായി നഗരസഭ തെരഞ്ഞെടുത്തിരിക്കുന്നത്. ടാങ്കുകള്‍ എച്ച്.ഡി.പി.ഇ നിര്‍മിതമായതിനാല്‍ വര്‍ഷങ്ങളോളം ഇവ നിലനില്‍ക്കുകയും, മരങ്ങളുടെ വേരുകള്‍ ഇറങ്ങി ജലമലിനീകരണം ഉണ്ടാക്കുന്നത് തടയുകയും ചെയ്യുന്നു.
നൂതന സാങ്കേതിക വിദ്യയായ പാല്‍റിങ് മീഡിയ അടങ്ങിയതിനാല്‍ ജൈവ വിഘടനം നൂറ് ശതമാനം നടക്കുകയും, മലിന ജലം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ശുദ്ധീകരിക്കപ്പെട്ട മലിന ജലത്തിന്റെ ഗുണമേന്മ വീണ്ടും ഉറപ്പ് വരുത്തുന്നതിനായി സെപ്റ്റിക് ടാങ്കില്‍ നിന്നും പുറത്ത് വരുന്ന വെള്ളത്തെ ചരല്‍, മണല്‍, കരിങ്കല്‍ എന്നിവയിലൂടെ കടത്തിവിട്ട് ഭൂഗര്‍ഭ ജലം മലിനീകരിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഇത്തരത്തിലുള്ള ടാങ്കുകള്‍ സ്ഥാപിക്കുന്നത് വഴി ജല മലിനീകരണത്തിന്റെ തോത് കുറക്കാനുള്ള ശ്രമത്തിലാണ് പൊന്നാനി നഗരസഭ.
ടാങ്കുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. പള്ളപ്രം പാലത്തിനു സമീപമുള്ള മുക്രി വീട്ടില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ വി.രമാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഷ്‌റഫ് പറമ്പില്‍, ഒ.ഒ ഷംസു, റീന പ്രകാശ്, പ്രതിപക്ഷ നേതാവ് നിസാര്‍, നഗരസഭ സെക്രട്ടറി കെ.കെ മനോജ്, റാം ബയോളജിക്കല്‍ കോഴിക്കോട് എം.ഡി ഡോ. റീന തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."