കോണ്‍സുലേറ്റും സൂപ്പര്‍മാര്‍ക്കറ്റുകളും അടച്ചു; ഇറ്റലിയിലെ മലയാളികള്‍ അരക്ഷിതാവസ്ഥയില്‍
കൊച്ചി: ഇറ്റലിയില്‍ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമായി. ഇന്ത്യ ഏപ്രില്‍ 15 വരെ അന്തര്‍ദേശീയ വിസകള്‍ റദ്ദാക്കിയതോടെ കേരളത്തിലേക്കെത്തിപ്പെടാനുള്ള മലയാളികളുടെ ശ്രമം പാതിവഴിയില്‍ തകര്‍ന്നു. ഇറ്റലിയിലെ മിലാനിലെയും റോമിലെയും വിമാനത്താവളങ്ങളില്‍ ടിക്കറ്റെടുത്ത് കാത്തിരുന്നവര്‍ നിരാശയിലാണ്.
ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇന്ന് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിപ്പുണ്ട്. എന്നാല്‍ രോഗബാധ ഇല്ലാത്തവരെ മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുപോകൂ എന്നും അറിയിപ്പുള്ളതായി പറയുന്നു.
ആകെ ഇന്ത്യന്‍ സമൂഹത്തിന് ബന്ധപ്പെടാന്‍ തുറന്നു വച്ചിരുന്നത് റോമിലെ കോണ്‍സുലേറ്റ് മാത്രമായിരുന്നു. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം ബന്ധപ്പെടാനുള്ള നമ്പര്‍ നല്‍കി, കോണ്‍സുലേറ്റിലെ എല്ലാവിധ സേവനങ്ങളും നിര്‍ത്തിയതായി അറിയിച്ച് ഇന്നലെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
അതിനിടെ ഇറ്റലിയില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അവിടെയുള്ള മലയാികളാണ് ഈ ഭയാശങ്ക പങ്കുവയ്ക്കുന്നു. ഇറ്റലിയിലെ ജനങ്ങള്‍ക്ക് സഞ്ചാര നിയന്ത്രണവും വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന നിര്‍ദേശവും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഗിസപ്പെ കോണ്ടെ പ്രഖ്യാപിച്ചു. രണ്ടാം ലോക യുദ്ധക്കാലത്താണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവിടെ ആകെ തുറന്നുവച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ഇതോടെ അടച്ചു. സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ഗമില്ല. രാജ്യത്ത് കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഗതാഗതം സസ്‌പെന്‍ഡ് ചെയ്യുകയും കടകളും സ്ഥാപനങ്ങളും ഓഫിസുകളും അടയ്ക്കുകയും ചെയ്തു.ഇവിടെ നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും അവ വെയര്‍ഹൗസുകള്‍ പോലെയാണെന്ന് ഇവിടെ കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു. ബുധനാഴ്ച ഇരുട്ടി വെളുത്തപ്പോള്‍ 196 മരണങ്ങളാണ് ഇറ്റലിയില്‍ ഉണ്ടായത്. ഇതോടെ മരണസംഖ്യ 827 ആയി.
രോഗബാധിതരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് 12462 ആയി ഉയര്‍ന്നു, ഇതില്‍ ആറായിരവും ലൊംബാര്‍ഡിയിലാണ്. 12.25 ലക്ഷം പേര്‍ക്ക് ലോകമാകെ രോഗം ബാധിച്ചിട്ടുണ്ടെന്നും 4522 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇവിടുത്തെ ജോണ്‍ ഹോപ്കിന്‍സ് സയന്‍സ് സെന്റര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."