ജനകീയ ജലസംരക്ഷണത്തിന് മികച്ച ആശയങ്ങള്‍ പങ്കുവച്ച് പഞ്ചായത്തുകള്‍
കണ്ണൂര്‍: ശുദ്ധജല സംരക്ഷണ മാതൃകകളില്‍ ഉണര്‍വേകി തദ്ദേശസ്ഥാപനങ്ങളുടെ വിദഗ്ധ നിര്‍ദേശങ്ങളുമായി ജില്ലാതല ജലസംഗമം.
പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച ജലസംരക്ഷണ മാതൃകകളുടെ അവതരണത്തിലാണു മലിനമാകുന്ന ശുദ്ധജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനായുള്ള പദ്ധതികള്‍ അവതരിപ്പിച്ചത്. തങ്ങള്‍ നടപ്പാക്കിയതും തുടരുന്നതുമായ നൂതന ജലസംരക്ഷണ മാതൃകകളും ആശയങ്ങളും ജില്ലയിലെ 16 പഞ്ചായത്തുകളാണു മുന്നോട്ടുവച്ചത്. കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളെയും മറ്റും ആശ്രയിച്ചിരുന്ന വിവിധ പഞ്ചായത്തുകള്‍ ജലസംരക്ഷണ പദ്ധതികള്‍ നടപ്പാക്കിയതോടെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചതിന്റെ അനുഭവങ്ങളും പങ്കുവച്ചു.
ഉയര്‍ന്ന പ്രദേശങ്ങളില്‍ കോണ്ടൂര്‍ ബണ്ട് നിര്‍മാണം, ജലാശയങ്ങളില്‍ തടയണകള്‍ നിര്‍മാണം, മികവാര്‍ന്ന രീതിയില്‍ കിണര്‍ റീച്ചാര്‍ജിങ്, പരമ്പരാഗത രീതിയില്‍ കര്‍ക്കടകകൊയ്ത്ത് തുടങ്ങയ വിവിധ പഞ്ചായത്തുകള്‍ ശുദ്ധജലസ്രോതസുകളുടെ സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംഗമത്തില്‍ പങ്കുവച്ചു. ഉദയഗിരി പഞ്ചായത്ത് നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതി ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.
മികച്ച രീതിയില്‍ ജലസംരക്ഷണ മാതൃകകള്‍ നടപ്പാക്കിയ പഞ്ചായത്തുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കലക്ടര്‍ മീര്‍ മുഹമ്മദലി വിതരണം ചെയ്തു. ജില്ലാതല ജലസംഗമത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പായം, കുറുമാത്തൂര്‍, ചെങ്ങളായി എന്നീ പഞ്ചായത്തുകളുടെ ജലസംരക്ഷണ മാതൃകകള്‍ ഹരിതകേരളം മിഷന്‍ കോട്ടയത്ത് നടത്തുന്ന സംസ്ഥാന തല ജലസംഗമത്തില്‍ അവതരിപ്പിക്കും.
ജില്ലാ ആസൂത്രണസമിതി അംഗം കെ.വി ഗോവിന്ദന്‍ അധ്യക്ഷനായി. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."