ബാബരി തകര്‍ത്ത കേസ്: തെളിവു സമര്‍പ്പണം പൂര്‍ത്തിയായി
ന്യൂഡല്‍ഹി: തെളിവു സമര്‍പ്പിക്കലുകളും സാക്ഷിവിസ്താരവും പൂര്‍ത്തിയായതോടെ ബാബരി മസ്ജിദ് തകര്‍ത്ത കേസ് അവസാന ഘട്ടത്തില്‍. കഴിഞ്ഞ ദിവസമാണ് തെളിവുകള്‍ സമര്‍പ്പിക്കുകയും സാക്ഷികളെ വിസ്തരിക്കുകയും ചെയ്യുന്ന നടപടി ലഖ്‌നോയിലെ പ്രത്യേക കോടതിയില്‍ സി.ബി.ഐ പൂര്‍ത്തിയാക്കിയത്.
കേസിലെ 30 പ്രതികളെ സമന്‍സയച്ചു വരുത്തലാണ് അടുത്ത നടപടി. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, മുന്‍ കേന്ദ്രമന്ത്രിമാരായ ഉമാഭാരതി, മുരളീമനോഹര്‍ ജോഷി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങിയ പ്രമുഖരാണ് കേസിലെ പ്രതികള്‍. 1992 ഡിസംബര്‍ ആറിനാണ് ബാബരി തകര്‍ത്തന്നത്. കേസില്‍ വിചാരണ തുടങ്ങിയത് 2010ലും. പത്തു വര്‍ഷത്തിനു ശേഷമാണ് വിചാരണാ നടപടികള്‍ ഏകദേശം പൂര്‍ത്തിയായത്.
കേസന്വേഷിച്ച സി.ബി.ഐ മുന്‍ ജോയിന്റ് ഡയരക്ടര്‍ എം. നാരായണന്‍ കോടതിയില്‍ മൊഴി നല്‍കിയതാണ് കേസില്‍ ഏറ്റവും അവസാനമുണ്ടായ സുപ്രധാന നടപടി. ബാബരി തകര്‍ത്തതും ബന്ധപ്പെട്ട കലാപവും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ സംബന്ധിച്ച് നാരായണന്‍ മൊഴി നല്‍കി. ബാബരി തകര്‍ത്തതിനൊപ്പം ഫൈസാബാദിലെ നിരവധി മുസ്‌ലിംവീടുകള്‍ അഗ്നിക്കിരയാക്കിയതായും അതോടെ പ്രദേശത്തെ മുസ്‌ലിംകള്‍ക്കു പലായനം ചെയ്യേണ്ടിവന്നെന്നും സ്വതന്ത്ര സാക്ഷികള്‍ തങ്ങള്‍ക്കു മൊഴി നല്‍കിയതായി നാരായണന്‍ കോടതിയില്‍ പറഞ്ഞു.
വീടുകള്‍ മാത്രമല്ല, അവരുടെ കടകളും ആടുകളെയും കത്തിച്ചു. ആളുകളെ തിരഞ്ഞുപിടിച്ച് ജീവനോടെ കത്തിച്ചതായും നിരവധി സാക്ഷികള്‍ മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."