ടോട്ടല്‍ കണ്‍ഫ്യൂഷന്‍!
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രധാന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേരുകയും ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകുകയും ചെയ്‌തെങ്കിലും, വിമത എം.എല്‍.എമാര്‍ ആരുടെ കൂടെനില്‍ക്കുമെന്നതില്‍ അവ്യക്തത തുടരുന്നു. എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്കു മാറ്റിയതു തെറ്റിദ്ധരിപ്പിച്ചാണെന്നും അവരില്‍ ഭൂരിഭാഗവും പാര്‍ട്ടിയിലേക്കു തിരിച്ചെത്തുമെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും പാര്‍ട്ടി അവകാശപ്പെടുമ്പോള്‍, വിമത എം.എല്‍.എമാര്‍ സിന്ധ്യയ്‌ക്കൊപ്പമാണെന്നു വ്യക്തമാക്കി സിന്ധ്യ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.വിഷയത്തില്‍ ഇടപെട്ട കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍, എം.എല്‍.എമാരെ തെറ്റിദ്ധരിപ്പിച്ചാണ് ബംഗളൂരുവിലെത്തിച്ചതെന്നും അവര്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്തുമെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെ, ബംഗളൂരുവില്‍ തങ്ങളുടെ എം.എല്‍.എമാരെ ബന്ദികളാക്കിയിരിക്കുകയാണെന്നാരോപിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തുകയും വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. തെളിവിനായി ചില വിഡിയോകളും പുറത്തുവിട്ടിരുന്നു. മന്ത്രിമാരെ രാജിവയ്ക്കാന്‍ സിന്ധ്യ നിര്‍ബന്ധിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാല്‍, ഇതിനു പിന്നാലെ, മന്ത്രിസഭയില്‍നിന്നു രാജിവച്ച ആറു മന്ത്രിമാരുടെ ശബ്ദസന്ദേശങ്ങള്‍ സിന്ധ്യ പക്ഷം പുറത്തുവിട്ടു. തങ്ങള്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമാണെന്നാണ് ഈ സന്ദേശങ്ങളില്‍ അവര്‍ വ്യക്തമാക്കുന്നത്. ഓരോരുത്തരുടെയും ശബ്ദസന്ദേശങ്ങള്‍ വെവ്വേറെയായാണ് സിന്ധ്യ പക്ഷം പുറത്തുവിട്ടിരിക്കുന്നത്. തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, മഹേന്ദ്രസിങ് സിസോദിയ, ഇമാര്‍ത്തി ദേവി, പ്രഭുറാം ചൗധരി, പ്രദ്യുംന സിങ് എന്നിവരുടെ സന്ദേശങ്ങളാണ് പുറത്തായത്. ജ്യോതിരാദിത്യ സിന്ധ്യ തന്നോട് കിണറ്റില്‍ ചാാന്‍ പറഞ്ഞാല്‍ താന്‍ ്തും ചെയ്യുമെന്നാണ് ഇമാര്‍ത്തി ദേവി ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നത്. സിന്ധ്യയുടെ പ്രവര്‍ത്തനംകൊണ്ടാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതെന്നും സിന്ധ്യയെ കോണ്‍ഗ്രസാണ് ചതിച്ചതെന്നുമാണ് മഹേന്ദ്രസിങ് സിസോദിയ പറയുന്നത്. സിന്ധ്യ എവിടെപ്പോകുന്നുവോ, അവിടേയ്ക്കു തങ്ങളും പോകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഞങ്ങള്‍ 22 എം.എല്‍.എമാര്‍ ഇന്നും നാളെയും പിന്നീടും സിന്ധ്യയ്‌ക്കൊപ്പമുണ്ടാകുമെന്നാണ് പ്രഭുറാം ചൗധരി വ്യക്തമാക്കുന്നത്. തങ്ങളെ ആരും നിര്‍ബന്ധിച്ചല്ല ഇവിടെയെത്തിച്ചതെന്നു ചില എം.എല്‍.എമാര്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കോണ്‍ഗ്രസിന്റെ ബാക്കിയുള്ള എം.എല്‍.എമാരെ കഴിഞ്ഞ ദിവസംതന്നെ രാജസ്ഥാനിലെ സുരക്ഷിത കേന്ദ്രത്തിലേയ്ക്കു മാറ്റിയിരിക്കുകയാണ്. ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കും മാറ്റിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ടതായി റിപ്പോര്‍ട്ടുണ്ട്.
എം.എല്‍.എമാരെ
കാണാനെത്തിയ നേതാവ് കസ്റ്റഡിയില്‍
ബംഗളൂരു: കര്‍ണാടകയിലെ ബംഗളൂരുവില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച വിമത എം.എല്‍.എമാരെ കാണാനെത്തിയ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവിനെ കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തു.
മധ്യപ്രദേശിലെ പാര്‍ട്ടി നേതാവ് ജിത്തു പട്വാരിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം ഇന്നലെ ഡി.കെ ശിവകുമാറിനെയും കണ്ടിരുന്നു. എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിനു മുന്നില്‍വച്ചാണ് ഇദ്ദേഹത്തെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
കോണ്‍ഗ്രസിനെ
വിമര്‍ശിച്ച് ശിവസേന
മുംബൈ: ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്ന വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ശിവസേന. സിന്ധ്യയെ പാര്‍ട്ടിയിലെത്തിച്ചത് ബി.ജെ.പിയുടെ വിജയമല്ലെന്നും കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണെന്നും മുഖപത്രമായ സാമ്‌നയിലെഴുതിയ എഡിറ്റോറിയലില്‍ ശിവസേന വിമര്‍ശിച്ചു.യുവ നേതാക്കളെ കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്നാണ് ശിവസേന ആരോപിക്കുന്നത്.
അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രിസഭയില്‍നിന്നു രാജിവച്ച ആറുപേരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം സ്പീക്കര്‍ എന്‍.പി പ്രജാപതിക്കു കത്ത് നല്‍കി. വിമത എം.എല്‍.എമാര്‍ തനിക്കു നേരിട്ട് രാജിക്കത്ത് സമര്‍പ്പിക്കണമെന്നും അതിനു ശേഷമേ വിഷയത്തില്‍ തീരുമാനമെടുക്കൂവെന്നും കഴിഞ്ഞ ദിവസം സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. വിമത നീക്കം നടത്തിയ 22 എം.എല്‍.എമാരില്‍ ആറു മന്ത്രിമാരെ മാത്രം അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. ബാക്കിയുള്ളവരെ തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാണെന്നതിന്റെ സൂചനയാണിത്.
അതേസമയം, ഈ മാസം 16ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. അതിനിടെ, എം.എല്‍.എമാര്‍ വിമതനീക്കം നടത്തുന്നെന്നു മാസങ്ങള്‍ക്കു മുന്‍പുതന്നെ വിവരം ലഭിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വമോ മുഖ്യമന്ത്രി കമല്‍നാഥോ നടപടി സ്വീകരിച്ചില്ലെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
വിമര്‍ശനവുമായി രാഹുല്‍;
റോഡ്‌ഷോയുമായി സിന്ധ്യ
ഭോപ്പാല്‍: ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ വൈകിട്ടോടെ ഡല്‍ഹിയില്‍നിന്നു മധ്യപ്രദേശില്‍ തിരിച്ചെത്തി. ഭോപ്പാലില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സിന്ധ്യയ്ക്കു വരവേല്‍പ് നല്‍കി. ഇതിനു ശേഷം അദ്ദേഹം റോഡ്‌ഷോയും നടത്തി.
അതേസമയം, സിന്ധ്യയെ സ്വാഗതം ചെയ്ത് സംസ്ഥാനത്ത് ബി.ജെ.പി സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തതായും ആരോപണമുണ്ട്. സിന്ധ്യയ്‌ക്കെതിരേ പ്രതികരിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അദ്ദേഹം നോക്കിയത് ആദര്‍ശമല്ലെന്നും സ്വന്തം ഭാവിയാണെന്നും വ്യക്തമാക്കിയ രാഹുല്‍, അതിനാല്‍തന്നെ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു. സിന്ധ്യയുടെ ആദര്‍ശം അദ്ദേഹം കീശയില്‍വച്ചിരിക്കുകയാണെന്നും ബി.ജെ.പിയില്‍ അദ്ദേഹത്തിനു പരിഗണന ലഭിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. സിന്ധ്യയെ സ്വാഗതം ചെയ്ത് മോദിയോ അമിത് ഷായോ പോസ്റ്റിടാത്തതിനെ മഹാരാജാവിനെ ഇങ്ങനെ അപമാനിക്കരുതെന്നു പറഞ്ഞാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം പരിഹസിച്ചത്. ഇന്നലെ സിന്ധ്യ അമിത് ഷായെയും രാജ് നാഥ് സിങ് അടക്കമുള്ള ബി.ജെ.പി നേതാക്കളെയും സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."