വെറ്ററിനറി സര്‍വകലാശാലയുടെ വികസനത്തിന് വിഘാതമാകുന്നത് നിര്‍മ്മാണ നിരോധനം: വൈസ് ചാന്‍സിലർ
ലക്കിടി(വയനാട്): പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ വികസനത്തിന് വിഘാതമാകുന്നത് നിര്‍മ്മാണ നിരോധനമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നതിന് 2014 മുതലാണ് നിരോധനമേര്‍പ്പെടുത്തിയത്.
ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഉടന്‍ ഈ കേസ് പരിഗണിക്കുമെന്നാണ് അറിയാന്‍ സാധിച്ചതെന്നും അനുകൂല ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് 12 ഏക്കര്‍ ഭൂമി വാങ്ങുന്നതിനായി 2015ല്‍ നാല് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ അനുയോജ്യമായ ഭൂമി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഇക്കാര്യത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. ഭോപ്പാല്‍ മാതൃകയിലുള്ള ഹൈടെക് ലാബ്, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് യൂണിവേഴ്സിറ്റിയുടെ രണ്ട് പ്രധാന പദ്ധതികള്‍. അഞ്ച്് വര്‍ഷത്തിനുള്ളില്‍ ലാബ് കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് സംബന്ധിച്ച് 2017ലാണ് ഭരണസമിതി തീരുമാനമെടുക്കുന്നത്. ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ മന്ത്രി കെ രാജുവിന് റിപ്പോര്‍ട്ട് നല്‍കുകയും അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തായും അദ്ദേഹം വ്യക്തമാക്കി.
പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ദേശാടനപക്ഷികള്‍, കാലാവസ്ഥാവ്യതിയാനം എന്നിവയാണ് പക്ഷിപ്പനി വരാനുള്ള പ്രധാനകാരണം. ഈ വിഷയത്തിലും സര്‍വകലാശാല ശക്തമായ ഇടപെടലുകളും പഠനങ്ങളും നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രാര്‍ ഡോ. എന്‍ അശോകും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."