കുടിവെളള പദ്ധതി യാഥാര്‍ത്യമായില്ല; നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
അടിമാലി: ജലനിധിയുടെ ദേവിയാര്‍ കുടിവെളള പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ അടിമാലി പഞ്ചായത്തിലേക്ക് മാര്‍ച്ചും ഉപരോധ സമരവും നടത്തി.
2013- 14 സാമ്പത്തിക വര്‍ഷം നിര്‍മാണം തുടങ്ങിയ പദ്ധതിയുടെ 95 ശതമാനം പൂര്‍ത്തിയായിട്ടും പദ്ധതി നടപ്പിലാക്കുന്നതില്‍ അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് സമരവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. 1.2 കോടി രൂപ പദ്ധതി വിഹിതവും 13,44,000 രൂപ ഗുണഭോതൃ വിഹിതവും പദ്ധതി നടത്തിപ്പുകാരായ ദീന്‍ദയാല്‍ സ്വയം സേവ സംഘം കൈപ്പറ്റിയിട്ടും ഗുണഭോക്താക്കള്‍ക്ക് കുടിവെളളം ലഭിക്കാതെ വന്നതോടെയാണ് ജനകീയ കമ്മറ്റിയുടെ നേത്യത്വത്തില്‍ സമരം നടത്തിയത്.ദേവിയാര്‍ പുഴയോരത്ത് വാളറ കോളനിപ്പാലത്തിന് സമീപം കുളവും മോട്ടര്‍പുരയും സ്ഥാപിക്കുകയും മുനിയറച്ചാലില്‍ ടാങ്ക് സ്ഥാപിച്ച് വീടുകളിലേക്ക് കണക്ഷന്‍ ഉള്‍പ്പെടെ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചത് വഴി പൈപ്പുകളിലൂടെ വെളളം എത്താത്ത സാഹചര്യമാണ്.
വെളളം തുറന്ന് വിടുമ്പോള്‍ പൈപ്പുകള്‍ പൊട്ടിപോകുന്നു. ഒരുവര്‍ഷം മുന്‍പ് ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ നേത്യത്വത്തില്‍ ഗുണഭോക്താക്കല്‍ കരാറുകാരുമായി ചര്‍ച്ച നടത്തിയിരുന്നു.ഈ സമയം ഗുണഭോക്താക്കള്‍ 2 ലക്ഷം രൂപകൂടി നല്‍കിയാല്‍ പദ്ധതി പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് കരാറുകാര്‍ അറിയിച്ചു. തുടര്‍ന്ന് ഗുണഭോക്താക്കള്‍ പിരിവെടുത്ത് ഈ തുക സെക്രട്ടറിയുടെ സാനിധ്യത്തില്‍ കൈമാറി.
ഈ സമയം രണ്ട് മാസത്തിനകം പദ്ധതി നടപ്പിലാക്കുമെന്ന് സെക്രട്ടറി ഉറപ്പ്് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് വീണ്ടും സമരവുമായി ഗുണഭോക്താക്കള്‍ രംഗത്തെത്തിയത്. പദ്ധതി നടത്തിപ്പിലെ ജനകീയ കമ്മറ്റി പ്രസിഡന്റ് ബേബി അഞ്ചേരി,സെക്രട്ടറി രാമകൃഷ്ണന്‍,നിഷാദ് കീടത്തുംകുടി,സതീഷ്‌കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ മാര്‍ച്ചും ഉപരോധ സമരവും മുന്‍ പഞ്ചായത്ത് അംഗം ഉഷ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കടുത്ത കുടിവെളള ക്ഷാമം നേരിടുന്ന മേഖലയില്‍ ഉടന്‍ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും പദ്ധതി സംബന്ധിച്ച അഴിമതി വിജിലന്‍സിനെക്കോണ്ട് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."