ചോദ്യങ്ങളെ ആരോഗ്യമന്ത്രി വൈകാരിമായി കാണരുതെന്ന് പ്രതിപക്ഷം; ആരോഗ്യവകുപ്പിന്റെ കാര്യം മറ്റാരു പറയുമെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: കൊവിഡ് 19നുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും ജനങ്ങളിലുണ്ടായ ഭീതിയും ആശങ്കയും പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. പ്രതിപക്ഷത്ത് നിന്ന് എം.കെ മുനീറാണ് നോട്ടിസ് നല്‍കിയത്. ആരോഗ്യമന്ത്രി ചോദ്യങ്ങളെ വൈകാരികമായി എടുക്കരുതെന്ന് മുനീര്‍ പറഞ്ഞു.
രാഷ്ട്രീയ നേതൃത്വങ്ങളുടെ യോഗം വിളിക്കേണ്ടിയിരുന്നു. അതുണ്ടായില്ല. തിരുവനന്തപുരത്തും വീഴച്ചയുണ്ടായി. രോഗം സംശയിക്കുന്നയാളെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് പരിശോധന ഫലം വന്നപ്പോള്‍ അന്വേഷിച്ച് കണ്ടുപിടിച്ചു. അതാണ് അവസ്ഥയെന്നും മുനീര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിന് മംഗളപത്രം എഴുതുകയല്ല, പ്രതിപക്ഷ ധര്‍മം. സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊറോണ പ്രതിരോധത്തില്‍ ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചെറിയ പോരായ്മകള്‍ പോലും പെരുപ്പിച്ച് കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ആരോഗ്യവകുപ്പിന്റെ കാര്യം താനല്ലാതെ ആരുപറയും. സ്ഥിതിയുടെ ഗൗരവം പ്രതിപക്ഷം ഉള്‍ക്കൊള്ളണം. ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ ഇനിയും സമയം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമല്ല. ഭരണപക്ഷത്തിന്റെ അതേ ഉത്തരവാദിത്വം പ്രതിപക്ഷത്തിനുമുണ്ട്. പരിഹസിക്കരുതെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."