ബജറ്റില്‍ ഇടുക്കിയോട് അവഗണന; പ്രതിഷേധം ശക്തം
തൊടുപുഴ: മഹാപ്രളയത്തില്‍ വന്‍ ദുരന്തങ്ങളേറ്റുവാങ്ങിയ ഇടുക്കി ജില്ലയ്ക്ക് സംസ്ഥാന ബജറ്റില്‍ കാര്യമായ പരിഗണനകളില്ല. പ്രതിസന്ധി നേരിടുന്ന ജില്ലയിലെ കാര്‍ഷിക- തോട്ടം മേഖലകളെയടക്കം ഗൗനിക്കാത്ത ബജറ്റില്‍ ആലപ്പുഴ ജില്ലക്ക് ലഭിച്ചതിന്റെ നാലിലൊന്ന് പരിഗണന പോലും ലഭിച്ചിട്ടില്ല.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗണ്യമായ പങ്കുവഹിക്കുന്ന ഇടുക്കിയുടെ സുഗന്ധവ്യഞ്ജനങ്ങളെ കാര്യമായി പരിഗണിച്ചിട്ടില്ല. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ കരുണാപുരം, രാജാക്കാട്, ഉടുമ്പന്‍ചോല കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ബജറ്റ് പ്രസംഗത്തിലും ശാന്തന്‍പാറ ഗവ. കോളജ്, നെടുങ്കണ്ടം ഐ.എച്ച്.ആര്‍.ഡി കോളജ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടനിര്‍മ്മാണം എന്നിവയ്ക്ക് 5 കോടിരൂപ വീതവും നെടുങ്കണ്ടത്തെ നിര്‍ദ്ദിഷ്ട ആയൂര്‍വേദ മെഡിക്കല്‍ കോളജിന് 10 കോടിരൂപയും വകയിരുത്തിയതായി ബജറ്റിന്റെ വര്‍ക്ക് ഇന്‍ഡ്ക്‌സില്‍ നല്‍കിയ സൂചനയുമാണ് ഇടുക്കിക്ക് കിട്ടിയ എടുത്തുപറയാവുന്ന പരിഗണന.
അതേസമയം കാപ്പി കൃഷിയുടെ സമഗ്രവികസനമുള്‍പ്പെടെ കാര്‍ഷികമേഖലയ്ക്കും വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും വയനാടിന് നല്‍കിയ പ്രധാന്യങ്ങള്‍ എണ്ണിപ്പറയുന്നതിനിടെ ഇടുക്കിയടക്കം മറ്റ് മലയോര മേഖലകളിലും സമാനമായ പദ്ധതികള്‍ റീബില്‍ഡ് കേരളയില്‍ ആവിഷ്‌കരിക്കുമെന്ന ആശ്വാസവുമുണ്ട്. കാര്‍ഷികമേഖലയില്‍ ഏലം, കുരുമുളക് , മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യജ്ഞന കൃഷികള്‍ക്ക് ആകെ വകയിരുത്തിയ 10 കോടിരൂപയുടെ വിഹിതം ഇടുക്കിക്കും ലഭിക്കുമെങ്കിലും ചെറുകിട തേയില കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ എവിടെയും പ്രതിപാദിച്ചില്ല.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലെ കാര്‍ഷികമേഖലയും വനാതിര്‍ത്തിയും വേര്‍തിരിക്കുന്നതിന് വേലിയും കിടങ്ങുകളും വേണമെന്ന കര്‍ഷകരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കും ജില്ലയുടെ വിനോദസഞ്ചാര വികസനത്തിനും അര്‍ഹമായ പരിഗണനയുണ്ടായില്ല. വയനാട് കഴിഞ്ഞാല്‍ ഏറ്റവും അധികം കര്‍ഷക ആത്മഹത്യ നടന്ന ഇടുക്കിയില്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്കായി ഒന്നും നീക്കിവെച്ചിട്ടില്ല.
വൈദ്യുതി മേഖലയിലും കാര്യമായ പദ്ധതികളൊന്നുമില്ല. വൈദ്യുതി ബോര്‍ഡിന്റെ നിലവിലെ ഏറ്റവും വലിയ പദ്ധതിയായ പള്ളിവാസല്‍ എക്‌സ്റ്റെന്‍ഷന്‍ പദ്ധതിയെ പരാമര്‍ശിച്ചതേയില്ല.
ഇടുക്കിയെ അവഗണിച്ചു: ഇന്ന് കരിദിനമെന്ന് ഡി.സി.സി പ്രസിഡന്റ്
തൊടുപുഴ: സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പൂര്‍ണമായും ഇടുക്കിയെ അവഗണിച്ചെന്നു ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍. പ്രളയംമൂലം തകര്‍ന്നടിഞ്ഞ ഇടുക്കിയിലെ കാര്‍ഷിക മേഖലയെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് ഒരു പദ്ധതിയും പഖ്യാപിക്കാത്തത് നിരാശജനകമാണ്.
മറ്റ് പല ജില്ലകള്‍ക്കും പ്രത്യേക പരിഗണന നല്‍കിയപ്പോഴാണ് ഇടുക്കിയെ അവഗണിച്ചിരിക്കുന്നത്. ജില്ലയില്‍ നിന്നും ഒരു മന്ത്രിയുണ്ടായിട്ട് പോലും ജില്ലക്കായി പ്രത്യേക പാക്കേജ് അനുവദിക്കാത്തതും, തുടര്‍ച്ചയായ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക വായ്പകളില്‍ ഇളവ് പ്രഖ്യാപിക്കാത്തതും പ്രതിഷേധര്‍ഹമാണ്, തകര്‍ന്നടിഞ്ഞ റോഡുകളുടെ പുനഃരുദ്ധാരണം അടക്കം ജില്ലയിലെ അടിസ്ഥാന
ആവശ്യങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലന്ന് നടിക്കുകയാണ്, മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇടുക്കി മെഡിക്കല്‍ കോളജിനെ കുറിച്ച് പരാമര്‍ശിച്ചിട്ടു പോലുമില്ല.
റബര്‍ കര്‍ഷകന് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്ന ആവശ്യം പാടെ അവഗണിച്ചിരിക്കുകയാണ്. ബജറ്റ് അവഗണനയില്‍ പ്രതിഷേധിച്ച് കൊണ്ട് ഇന്ന് കരിദിനമായി ആചരിക്കുമെന്നും, നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡി.സി.സി. പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."