നഗരസഭയില്‍ ബി.ജെ.പി പിടിവാശി തുടരുന്നു; അജന്‍ഡകള്‍ പാസാക്കാനാവാതെ വികസനം മുരടിപ്പില്‍
പാലക്കാട്: മൂന്ന് ശുചീകരണ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട മിനുട്‌സ് തിരുത്തല്‍ നടപടി റദ്ദാക്കുകയോ മരവിപ്പിക്കുകയോ വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനാല്‍ നഗരസഭാ യോഗം തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു. ബഹളത്തിനിടെ അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിച്ചാണ് യോഗം അവസാനിപ്പിച്ചത്. വായിക്കുകപോലും ചെയ്യാതെ അജണ്ടകള്‍ പാസാവില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. 48 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഭരണപ്രതിപക്ഷങ്ങളില്‍ 24പേര്‍ വീതമാണുണ്ടായത്.
വിഷയത്തില്‍ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്റെ വിശദീകരണത്തെ തുടര്‍ന്നുണ്ടായ ബഹളംമൂലം സഭ നിര്‍ത്തിവച്ചു. തുടര്‍ന്ന് യോഗം ചേര്‍ന്ന് അജണ്ടയിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധവുമായി ചേമ്പറിനുമുന്നില്‍ നിലയുറപ്പിച്ച പ്രതിപക്ഷം തടസപ്പെടുത്തി. വായിക്കാനെടുത്ത അജണ്ട പ്രതിപക്ഷാംഗങ്ങള്‍ പിടിച്ചെടുത്തു. ഇതോടെ പാസായതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു. മിനുട്‌സ് തിരുത്തല്‍ വിവാദത്തില്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചുകൊണ്ടാണ് ഇന്നലെയും പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
രണ്ട് മിനുട്‌സ് നല്‍കിയതുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന് മെമ്മോ നല്‍കിയതായും അതിനുള്ള മറുപടിയില്‍ കുറ്റസമ്മതം നടത്തി മാപ്പപേക്ഷ നടത്തിയതായും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണ കുറിപ്പ് ചെയര്‍പേഴ്‌സണ്‍ യോഗത്തില്‍ വായിച്ചു. കുറിപ്പിലെ പരാമര്‍ശം പ്രതിപക്ഷം ഏറ്റുപിടിച്ചതോടെ ബഹളമായി. തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്.
നഗരസഭ പിടിച്ചെടുത്ത പ്ലാസ്റ്റിക് കവറുകള്‍ ട്രഞ്ചിങ് ഗ്രൗണ്ടിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍നിന്നും കണ്ടെടുത്ത സംഭവത്തില്‍ തൊഴിലാളികളെ മൂന്നുദിവസത്തേക്ക് മാത്രം സസ്‌പെന്‍ഡ് ചെയ്തതില്‍ ഭരണപക്ഷ താല്‍പര്യമുണ്ടെന്ന് ആരോപണമുണ്ടായി. അഴിമതി നടത്തിയവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ പ്ലാസ്റ്റിക് കവര്‍ മറ്റൊരു മുറിയിലേക്ക് മാറ്റിവച്ചതാണെന്നും വില്‍പ്പന നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഒരു കവര്‍ പോലും കടകളില്‍ നല്‍കിയിട്ടില്ലെന്നു പറഞ്ഞ ചെയര്‍പേഴ്‌സണ്‍, വിഷയം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതിനുശേഷമാണ് തൊഴിലാളികളെ തിരിച്ചെടുത്തതെന്നു വ്യക്തമാക്കി. എസ്.ആര്‍ ബാലസുബ്രഹ്മണ്യന്‍, കെ. ഭവദാസ്, എ. കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."