മാസ്‌ക്കിനും സാനിറ്റൈസറിനും വിലകൂട്ടിയാല്‍ പിഴ ഈടാക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌കും സാനിറ്റൈസറും വിലകൂട്ടി വില്‍ക്കുകയോ പൂഴ്ത്തി വയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് പിഴ ശിക്ഷ നല്‍കണമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കി.
മാസ്‌കും സാനിറ്റൈസറും ന്യായവിലക്ക് സുലഭമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും സൗജന്യമായി നല്‍കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണം. ബയോമെട്രിക് ഹാജര്‍ ഒരു മാസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കണം. ജില്ലാ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആരോഗ്യ വകുപ്പ് സെക്രട്ടറി ഒരുക്കണം. രോഗത്തിന്റെ തീവ്രതയും പ്രതിരോധ നടപടികളുടെ ആവശ്യകതയും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കണം. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരേ സംസ്ഥാന പൊലിസ് മേധാവി ജാഗ്രത പാലിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും വേണം. എയര്‍പോര്‍ട്ട്, റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ആരോഗ്യവകുപ്പിന്റെ പരിശോധന ഒഴിവാക്കി ഒരാള്‍ പോലും പുറത്തു കടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
സര്‍ക്കാര്‍ സെക്രട്ടറിമാര്‍ സ്വീകരിക്കുന്ന നടപടികള്‍ 30 ദിവസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ചേര്‍ത്തല സ്വദേശി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാരും ദൃശ്യ, പത്രമാധ്യമങ്ങളും രോഗവ്യാപനം തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രശംസാര്‍ഹമാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."