സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടകത്തിലെ കല്‍ബുര്‍യിലെ മരണം അവിടെ താമസിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. വിമാനങ്ങളില്‍ വരുന്നവരെ ഒരാളെയും ഒഴിയാതെ പരിശോധിക്കും. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കായി പല തലത്തില്‍ ഇടപെട്ടു. വിദേശങ്ങളില്‍ കുടുങ്ങിയവരെ സഹായിക്കും. കേന്ദ്രം ഇറ്റലിയിലേക്ക് വിമാനം അയച്ചത് നല്ല കാര്യമാണ്. കേന്ദ്ര ഇടപെടല്‍ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. ഇത് ഭീതി പരത്താനുള്ള ശ്രമമാണെന്ന് ചിലര്‍ പറയുന്നുണ്ട്. അതു ശരിയല്ല. സാഹചര്യം ഇതാണെന്നും ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല. ജനങ്ങള്‍ക്കിടയില്‍ നിന്ന് നല്ല സഹകരണമാണ് ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിരോധത്തിലും ബോധവത്കരണത്തിലുമാണ് ഊന്നല്‍. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് മുന്നോട്ടു പോകും. കക്ഷി രാഷ്ട്രീയ ഭേദമന്യേ കൂട്ടായ പ്രവര്‍ത്തനം നടത്തും. 16ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഈ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യും.
ജയിലുകളിലെ തയ്യല്‍ യൂനിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണുകളില്‍ അടിയന്തിര നിര്‍മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇറ്റലിയില്‍നിന്ന് തിരികെ വരുന്നവരെ ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങള്‍ കേരളത്തിലുണ്ട്. പരിപാടികള്‍ നടത്തുന്നത് സ്വമേധയാ ഒഴിവാക്കുന്നുണ്ട്. നടപടികള്‍ സ്വീകരിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പരിശോധനയ്ക്കു വേണ്ട ആളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റില്‍ അവലോകനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ കെ.കെ ശൈലജ, എ.സി മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം ജോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."