സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും: ഇന്‍കാസ്
#അഹമ്മദ് പാതിരിപ്പറ്റ
ദോഹ: സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഇന്‍കാസ് ഖത്തറിലെ ഏതാനും അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും നേതൃത്വം വൈകാതെ ഇതില്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല. ഇന്‍കാസ് സ്‌പോട്‌സ് മീറ്റുമായി ബന്ധപ്പെട്ട് വളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഖത്തറില്‍ കെ.പി.സി.സിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി മാത്രമേ നിലവിലുള്ളൂ. ചിലര്‍ പുതിയ കമ്മിറ്റി ഉണ്ടാക്കി എന്നു പറഞ്ഞു രംഗത്ത് വന്നത് അവരുടെ വ്യക്തി താത്പര്യത്തിന്റെ ഭാഗമായാണ്. സാധാരണ നിലയില്‍ കെ.പി.സി.സി പ്രതിനിധി ഖത്തറിലെത്തിയാണ് ഇന്‍കാസിന്റെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുന്നത്. അങ്ങിനെ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, താന്‍ പ്രസിഡണ്ടാണെന്ന് പറഞ്ഞ് ആര്‍ക്ക് വേണമെങ്കിലും അവകാശവാദമുന്നയിക്കാം. എന്നാല്‍ അച്ചടക്കമുള്ള സംഘടനാ പ്രവര്‍ത്തകര്‍ അതിനു മുതിരില്ല. സംഘടനാ വിരുദ്ധപ്രവര്‍ത്തനമായേ ഒരുവിഭാഗം നടത്തിയ നീക്കങ്ങളെ കാണാന്‍ കഴിയൂവെന്ന് കെ.പി.സി.സി നേതാക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്്. ഉത്തരവാദപ്പെട്ട സംസ്ഥാന നേതാവ് ഖത്തറിലെത്തി പ്രശ്‌നത്തില്‍ ഇടപെടുമെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ടെന്നും സമീര്‍ പറഞ്ഞു.
വീക്ഷണം പത്രത്തില്‍ ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റായി വിമത നേതാവിന്റെ പേര് വന്നതിനെ കുറിച്ച് അറിയില്ല. ഇതിന് തിരുത്ത് നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നേരത്തെ ഇന്‍കാസിന്റെ ലോക്‌സഭാ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്ന് കാണിച്ച് വീക്ഷണത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ കമ്മിറ്റി വന്നത് ഖത്തര്‍ ഇന്‍കാസിന്റെ അറിവോടെയല്ലെന്നും അത്തരമൊരു കമ്മിറ്റി ഖത്തറില്‍ രൂപീകരിച്ചിട്ടില്ലെന്നും പിന്നീട് വീക്ഷണത്തില്‍ തിരുത്ത്് വന്നിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അത് ഇന്‍കാസിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അവിടെ അതിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പകരം സംഘടനാ കാര്യങ്ങള്‍ മാധ്യമങ്ങളെ വിളിച്ചറിയിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനല്ല ശ്രമിക്കേണ്ടത്. ഇന്‍കാസില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവണമെന്ന ഏതാനും ചിലരുടെ താത്പര്യമാണ് ഇതിന് പിന്നില്‍. ഖത്തര്‍ ഇന്‍കാസില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആരും എതിരല്ല. പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. നിലവിലെ കമ്മിറ്റിക്ക് രണ്ടു കൊല്ലത്തെ കാലാവധിയാണ് കെ.പി.സി.സി നിശ്ചയിച്ചത്. മറിച്ചുള്ള അവകാശവാദങ്ങള്‍ സത്യവിരുദ്ധമാണ്്. കെ.പി.സി.സി പുതിയൊരു കമ്മിറ്റിയുടെ പ്രഖ്യാപനവുമായി രംഗത്തുവരുന്നതുവരെ നിലവില്‍ തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഖത്തറിലെ ഇന്‍കാസിന്റെ ഔദ്യോഗിക കമ്മിറ്റിയെന്നും എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്നതിന് പ്രാമുഖ്യം നല്‍കുന്നതിനാലും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ എന്ന നിലയിലും എല്ലാവിഷയങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും സമീര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."