ശബരിമല സന്ദര്‍ശനം തീര്‍ഥാടകര്‍ നീട്ടിവയ്ക്കണം: ജില്ലാ കലക്ടര്‍
കൊച്ചി: കൊവിഡ് - 19 നിയന്ത്രണത്തിന്റെ ഭാഗമായി തീര്‍ഥാടകര്‍ ശബരിമല സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു. മാസപൂജയ്ക്കായി ശബരിമല നട തുറക്കുന്ന സാഹചര്യത്തിലാണ് കലക്ടറുടെ അഭ്യര്‍ഥന. അടുത്ത മാസപൂജയിലേക്ക് തീര്‍ഥാടനം മാറ്റിവയ്ക്കണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പരിമിതമായ ഉദ്യോഗസ്ഥരെ മാത്രമേ നിയോഗിച്ചിട്ടുള്ളൂ. നിലവിലെ സ്ഥിതി മനസിലാക്കാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു തീര്‍ഥാടകര്‍ ആരെങ്കിലും എത്തിയാല്‍ രണ്ടു തെര്‍മല്‍ സ്കാനറിന്റെ സഹായത്തോടെ പനിയോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഡോക്ടര്‍ ഉള്‍പ്പെട്ട ഹെല്‍ത്ത്, റവന്യു ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പനി പോലെയുള്ള ലക്ഷണങ്ങള്‍ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം ചികിത്സ ആവശ്യമുള്ളവര്‍ക്ക് സൗകര്യമൊരുക്കും. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയാണ് തെര്‍മല്‍ സ്കാനര്‍ ലഭ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."