നടക്കാത്ത കാര്യങ്ങളുടെ സ്വപ്നാവിഷ്‌കാരം
പതിനാലാം ലോക്‌സഭയുടെ അവസാനത്തെ സമ്മേളനത്തില്‍ ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റ് ഈ സര്‍ക്കാരിന് നടപ്പില്‍വരുത്താനാവാത്ത കാര്യങ്ങളുടെ സ്വപ്നാവിഷ്‌കാരമാണ്. മൂന്നു മാസം നിലനില്‍പ്പുള്ള, മെയ് 26ന് കാലാവധി തീരുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ അനുസ്മരിപ്പിക്കുംവിധമാണ് വാഗ്ദാനങ്ങളുടെ പെരുമഴ ചൊരിഞ്ഞിരിക്കുന്നത്. ഇത്തരമൊരു ബജറ്റ് അവതരിപ്പിക്കാന്‍ ധാര്‍മികമായി ബി.ജെ.പി സര്‍ക്കാരിന് അവകാശമില്ല. മൂന്നു മാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പിനെതുടര്‍ന്ന് അധികാരത്തില്‍വരുന്ന സര്‍ക്കാരാണ് ജനക്ഷേമ പരിപാടികള്‍ അവതരിപ്പിക്കേണ്ടത്. വോട്ട് ഓണ്‍ എക്കൗണ്ട് പാസാക്കിപ്പിരിയുന്നതിലപ്പുറം ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയും യു.പി.എ മന്ത്രിസഭയിലെ ധനമന്ത്രി പി. ചിദംബരവും ഈ കീഴ്‌വഴക്കമാണ് പിന്തുടര്‍ന്നിരുന്നത്.
കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം കേട്ടപ്പോള്‍തന്നെ ബി.ജെ.പി സര്‍ക്കാരിന്റെ ബജറ്റിനെക്കുറിച്ച് പൊതുസമൂഹത്തിന് ഏകദേശ ധാരണ കിട്ടിയിരുന്നു. സര്‍ക്കാരില്‍നിന്ന് അകന്നുപോയ കര്‍ഷക സമൂഹത്തെ തിരികെക്കൊണ്ടുവരാനുള്ള ചെപ്പടിവിദ്യക്കപ്പുറമൊന്നുമല്ല ഗോയലിന്റെ ഇടക്കാല ബജറ്റ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റ കനത്ത തിരിച്ചടിയാണ് കര്‍ഷകര്‍ക്കു വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. ബജറ്റില്‍ മുഴുക്കെ വരുംകാല സര്‍ക്കാര്‍ നടപ്പിലാക്കേണ്ട പദ്ധതികളാണ്. അഞ്ചു വര്‍ഷം ഭരണത്തിലിരുന്നിട്ടും നടപ്പാക്കാത്ത കാര്യങ്ങളാണ് അധികാരത്തില്‍ മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ ആറാമത്തെ ബജറ്റില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.
രണ്ട് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് 15,000 രൂപയുടെ സഹായം, കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് വര്‍ഷത്തില്‍ 6000 രൂപ ഗഡുക്കളായി, ആദായനികുതി പരിധി അഞ്ചു ലക്ഷം, രാജ്യം സുരക്ഷിത വികസന പാതയിലാണ്, 2022ല്‍ പുതിയ ഇന്ത്യയാണ് ലക്ഷ്യം, ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തികശക്തി, കിട്ടാക്കടങ്ങളുടെ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിനോട് ചോദിച്ചു, ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്‌കാരം കൊണ്ടുവന്നു, ധനകമ്മി 3.4 ശതമാനമായി കുറച്ചു, പണപ്പെരുപ്പം 4.6 ശതമാനമായി ചുരുങ്ങി, തൊഴിലുറപ്പു പദ്ധതിക്ക് 60,000 കോടി നല്‍കി, 5,45,000 ഗ്രാമങ്ങളെ വിസര്‍ജന വിമുക്തമാക്കി, ഗ്രാമീണ ശുചിത്വ പദ്ധതികള്‍ 98 ശതമാനവും പൂര്‍ത്തിയാക്കി, മൂന്നു ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു, 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, അഴിമതിമുക്ത സര്‍ക്കാരാണ് രാജ്യം ഭരിച്ചത്, 2019ഓടെ എല്ലാ വീടുകളിലും വൈദ്യുതി, കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ പദ്ധതി, മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ്, കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ്, ഇ.എസ്.ഐ പരിധി 21,000 രൂപ, അസംഘടിത തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്‍ഷനിലൂടെ 3000 രൂപ, 2 കോടി ജനങ്ങള്‍ക്ക് സൗജന്യ പാചകവാതകം, വിളകള്‍ക്ക് താങ്ങുവില, ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍നിന്ന് 30 ലക്ഷം, ആശാവര്‍ക്കര്‍മാര്‍ക്ക് വേതനത്തില്‍ 50 ശതമാനം വര്‍ധന, സൈനികര്‍ക്ക് ശമ്പള പരിഷ്‌ക്കരണം, അടുത്ത വര്‍ഷംകൊണ്ട് ഒരുലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കുക, നദികള്‍ ശുദ്ധീകരിച്ച് ശുദ്ധജലം ലഭ്യമാക്കുക തുടങ്ങി നിരവധി വാഗ്ദാനങ്ങളുടെ പെരുമഴയാണ് ബജറ്റില്‍.
ഈ സര്‍ക്കാരിന് ഒരിക്കലും ഇതൊന്നും പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് മറ്റാരേക്കാളും അവര്‍ക്കു തന്നെ ബോധ്യമുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷകരെയും സാധാരണക്കാരെയും വീണ്ടും ബി.ജെ.പിക്ക് അനുകൂലമാക്കി മാറ്റാനുള്ള നിഗൂഢ തന്ത്രമാണിത്. 2014ല്‍ അധികാരത്തില്‍വരുമ്പോള്‍ പറഞ്ഞിരുന്നത് വിദേശത്തേക്ക് കടന്നുകളഞ്ഞ കള്ളപ്പണക്കാരില്‍നിന്ന് കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് വരവുവയ്ക്കും എന്നായിരുന്നു. എന്നാല്‍ അതുണ്ടായില്ല.
കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് മോദി സര്‍ക്കാരിന്റെ ഭരണകാലയളയില്‍ സംഭവിച്ചതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫിസ് (എന്‍.എസ്.എസ്.ഒ) രേഖപ്പെടുത്തിയിരുന്നു. 13 മുതല്‍ 27 ശതമാനം വരെയാണ് യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചത്. 2017-18ല്‍ തൊഴിലില്ലായ്മ 6.9 ശതമാനമായി. ഈ വിവരം സര്‍ക്കാര്‍ പുറത്തുവിടാതെ മൂടിവച്ചത് ഇപ്പോള്‍ ഒരു വാര്‍ത്താമാധ്യമം പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്.
2016 നവംബര്‍ എട്ടിനു പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് ഒടിക്കുക മാത്രമല്ല തൊഴിലില്ലായ്മ രൂക്ഷമാക്കുകയും ചെയ്തു. ഇതിനു മുമ്പ് 1970-75 കാലഘട്ടത്തില്‍ മാത്രമാണ് ഇത്രവലിയ തൊഴിലില്ലായ്മ രാജ്യത്ത് അനുഭവപ്പെട്ടത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവച്ചതില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ്.ഒ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി മോഹനും കമ്മിഷന്‍ അംഗം ജെ.വി മീനാക്ഷിയും തല്‍സ്ഥാനങ്ങള്‍ രാജിവച്ചു. യാഥാര്‍ഥ്യം ഇതായിരിക്കെ അതെല്ലാം മൂടിവച്ച്, മുന്‍കാലത്ത് ആഡംബര നികുതി ഇളവ് നല്‍കി, കോര്‍പറേറ്റുകള്‍ക്ക് അഞ്ചു ലക്ഷം കോടി രൂപയുടെ നികുതി ഇളവ് നല്‍കി. കോര്‍പറേറ്റുകളില്‍നിന്ന് 13 ലക്ഷം കോടി ഇപ്പോഴും കിട്ടാക്കടമായി നിലനില്‍ക്കുന്നു.
വിളനാശം പരിഹരിക്കാന്‍ കോടികള്‍ നല്‍കിയാല്‍ അതെങ്ങനെ നികത്തുമെന്ന് പറഞ്ഞ് സഹായം നിഷേധിച്ച സര്‍ക്കാരാണ് കര്‍ഷകരുടെ പേരില്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത്. ഒരു ഇടക്കാല പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അവതരിപ്പിച്ച ഈ ബജറ്റ് അതിനാല്‍തന്നെ നിലനില്‍ക്കുന്നതല്ല. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ നിലവാരം മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ആറാമത്തെ ബജറ്റിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."