കല്‍ബുര്‍ഗിയില്‍ മരിച്ചയാളുമായി ഇടപെട്ട 31 പേര്‍ നിരീക്ഷണത്തില്‍, ദല്‍ഹിയില്‍ മരിച്ച സ്ത്രീക്ക് രോഗം പിടിപെട്ടത് മകനില്‍ നിന്ന്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ കൊവിഡ് മരണങ്ങളുണ്ടായ കര്‍ണാടകയിലും ഡല്‍ഹിയിലും സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കല്‍ബുര്‍ഗിയില്‍ കൊവിഡ് വന്ന് മരിച്ചയാളുമായി നേരിട്ട് ഇടപഴകിയ 31പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ വൈകിയതോടെ വലിയ വെല്ലുവിളിയായിരിക്കുകയാണ്. രോഗി വീട്ടിലും കല്‍ബുര്‍ഗിയിലെയും ഹൈദരാബാദിലെയും ആശുപത്രികളിലുമായി ഒന്‍പത് ദിവസത്തോളം കഴിഞ്ഞിട്ടുണ്ട്. ഇതുവഴി എത്രപേരിലേക്ക് രോഗം പകര്‍ന്നിരിക്കാമെന്നതിനെക്കുറിച്ചുള്ള വ്യക്തത വരുന്നതേയുള്ളൂ.
കൊവിഡ് സംശയിച്ചിട്ടും മൃതദേഹം സംസ്‌കരിക്കുന്നതില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും വ്യക്തമായിട്ടുണ്ട്. കയ്യുറയും മാസ്‌കും ധരിക്കാത്തവരാണ് ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയത്. ഡല്‍ഹിയില്‍ മരിച്ച സ്ത്രീക്ക് രോഗം പകര്‍ന്നത് മകനില്‍ നിന്നാണ്. മകന്‍ ഇപ്പോഴും ചികിത്സയിലാണ്.
കര്‍ണാടകയിലുടനീളം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കല്‍ബുര്‍ഗിലേക്കുള്ള റോഡുകള്‍ അടച്ചു. ഇവിടെ കുടുങ്ങിയ നാനൂറോളം മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് തിരിച്ചു.
കര്‍ണാടകത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഓഡിറ്റോറിയങ്ങള്‍, മാളുകള്‍, പാര്‍ക്കുകള്‍, തിയേറ്ററുകള്‍, വന്‍കിട റസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയെല്ലാം പൂട്ടിയിരിക്കുകയാണ്. ഐടി ജീവനക്കാര്‍ വരും ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദ്ദേശം.
ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."