കേരളത്തിനു പരിഗണന ലഭിച്ചില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേന്ദ്ര ബജറ്റില്‍ കേരളത്തിനു പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബജറ്റ് സംസ്ഥാനങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന വിഹിതം പോലും വെട്ടിക്കുറയ്ക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി ഓഹരി പോലും ലഭിക്കാത്ത നിലയാണ് ഉണ്ടാകാന്‍ പോകുന്നത്. കേന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കു ലഭിക്കേണ്ട തുകയില്‍ 26,639 കോടി രൂപയുടെ കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയതിലൂടെ നികുതി വരുമാനത്തിലുണ്ടായ കുറവിനു പുറമെ 38,265 കോടി രൂപ ജി.എസ്.ടി കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്.
പ്രളയക്കെടുതിയെ അതിജീവിക്കാനും നമ്മുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ല. കേരളത്തിന്റെ ചിരകാല ആവശ്യമായിരുന്നു എയിംസ്. ബജറ്റില്‍ അനുമതിയില്ലാത്തതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനത്തെ നേരത്തെ അറിയിച്ചത്. ഇത്തവണത്തെ ബജറ്റിലും കേരളത്തിന് ഇത് അനുവദിച്ചിട്ടില്ല. എന്നാല്‍, മറ്റു ചില സംസ്ഥാനങ്ങളില്‍ പുതുതായി പ്രഖ്യാപിക്കുകയും ചെയ്തു. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയെക്കുറിച്ചാവട്ടെ മിണ്ടാട്ടമില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബജറ്റില്‍ നിര്‍ദേശമില്ല.
റബ്ബര്‍ വില സ്ഥിരതാ ഫണ്ടിനെക്കുറിച്ചും ബജറ്റ് മൗനമാണ് അവലംബിച്ചിരിക്കുന്നത്. മാത്രമല്ല, ഇറക്കുമതി ചുങ്കങ്ങള്‍ക്ക് ഇനിയും ഇളവ് നല്‍കുമെന്ന പ്രഖ്യാപനം കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കും. 65 കോടി ആളുകള്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് 75,000 കോടി രൂപ മാത്രം നീക്കിവെച്ചുകൊണ്ട് കര്‍ഷകര്‍ക്കായി ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു എന്നത് ആ മേഖലയിലെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ല എന്നതിന് ഉദാഹരണമാണ്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടിയും ബജറ്റിലില്ല. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതിനുള്ള ഒരു ഇടപെടലും ബജറ്റില്‍ കാണാനില്ല. സാമൂഹ്യക്ഷേമരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പലതും സംസ്ഥാനത്ത് നേരത്തേ തന്നെ കൂടുതല്‍ നല്ല നിലയില്‍ നടപ്പാക്കിയിട്ടുള്ളതാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോല്‍വി ഉറപ്പായപ്പോള്‍
മോദിക്ക് പാവങ്ങളെ
ഓര്‍മവന്നു: ചെന്നിത്തല
തിരുവനന്തപുരം: തോല്‍വി ഉറപ്പായ സര്‍ക്കാരിന്റെ രക്ഷപ്പെടാനുള്ള അവസാനത്തെ ശ്രമമാണ് കേന്ദ്ര ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നാലര വര്‍ഷവും രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൂട്ടുകച്ചവടക്കാരായ ഏതാനും കോര്‍പറേറ്റ് മുതലാളിമാര്‍ക്കു വീതിച്ചു നല്‍കിയ മോദിക്ക് തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കര്‍ഷകരേയും പാവങ്ങളേയും ഓര്‍മവന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി ഒരു മാസമില്ല. ആ അവസരത്തില്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ചില്ലറ ആനുകൂല്യങ്ങള്‍ നല്‍കി അവരെ കബളിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനങ്ങള്‍ കൊണ്ടൊന്നും കഴിഞ്ഞ നാലര വര്‍ഷത്തെ ജനദ്രോഹത്തിന് പരിഹാരമാവില്ല. കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോഴും ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."