ടി.പി വധക്കേസ്: കുഞ്ഞനന്തന് ജാമ്യം
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 13ാം പ്രതിയും സി.പി.എം നേതാവുമായ പി.കെ കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തും വിദഗ്ധ ചികിത്സയ്ക്കായുമാണ് മൂന്നു മാസത്തേക്ക് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിട്ടത്.
രണ്ടാഴ്ച കൂടുമ്പോള്‍ പാനൂര്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുഞ്ഞനന്തന് ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭിക്കേണ്ടതുണ്ടെന്നുമാണ് ഹരജിക്കാരന് ആവശ്യപ്പെട്ടത്.
തടവുശിക്ഷയ്ക്കിടെ ശസ്ത്രക്രിയയ്ക്കു വിധേയനായെന്നും നട്ടെല്ലില്‍ കഴുത്തിനോടു ചേര്‍ന്ന ഭാഗത്തെ ഡിസ്കിനു തേയ്മാനമുണ്ടെന്നും പ്രായം 72 ആയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപ്രകാരം വിശദ റിപ്പോര്‍ട്ടിനായി മെഡിക്കല്‍ ബോര്‍ഡിനെ ഹൈക്കോടതി നിയോഗിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് കുഞ്ഞനന്തന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിക്കു നല്‍കിയിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മാത്രമേ ജാമ്യം അനുവദിക്കാന്‍ പാടുള്ളൂവെന്ന് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.കെ ശ്രീധരന് കോടതിയെ അറിയിച്ചിരുന്നു.
ജയില്‍ സൂപ്രണ്ടും കുഞ്ഞനന്തന് ആരോഗ്യ പ്രശന്ങ്ങളുണ്ടെന്ന റിപ്പോര്‍ട്ടാണ് നേരത്തെ കോടതിയില്‍ നല്‍കിയത്. 2014 ജനുവരിയിലാണ് ടി.പി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."