തൃശൂര്‍ മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ സ്വാബ് ടെസ്റ്റിനുള്ള അനുമതി ഉടന്‍
ന്യൂഡല്‍ഹി: തൃശൂര്‍ മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ കൊവിഡ് പരിശോധിക്കുന്നതിനുള്ള സ്വാബ് ടെസ്റ്റുകള്‍ നടത്തുന്നതിന് വേണ്ട പൂനെയിലെ നാഷണല്‍ ഇന്‍സ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെ അനുമതി ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ധന് പറഞ്ഞു. എം.പിമാരായ ടി.എന്‍ പ്രതാപനും രമ്യ ഹരിദാസും ഇത് സംബന്ധിച്ച് മന്ത്രിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് തൃശൂരില്‍ ആയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസവും ഒരാളില്‍ ഈ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നതും കേരളത്തിലാണ്. നിലവില്‍ ഈ ടെസ്റ്റ് ചെയ്യാന്‍ സംസ്ഥാനത്ത് അനുമതിയുള്ളത് ആലപ്പുഴയില്‍ മാത്രമാണ്.
ഡി.എം.ഒ വഴി ആലപ്പുഴയില്‍ എത്തിച്ചാണ് ഈ ടെസ്റ്റുകള്‍ നടത്തിവരുന്നത്. ഇത് മധ്യകേരളം മുതല്‍ വടക്കന്‍ കേരളത്തിലേക്കുള്ള പ്രതിരോധ നടപടികളെ താമസിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ ഇത്തരം ടെസ്റ്റുകള്‍ക്കുള്ള അനുമതി വേണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."