കൊവിഡ് ഭീതിയില്‍ ഡല്‍ഹിയും
ന്യൂഡല്‍ഹി: കൊവിഡ് ഭീതിയില്‍ രാജ്യ തലസ്ഥാനവും. ഡല്‍ഹി സര്‍വകലാശാല, ഡല്‍ഹി ഐ.ഐ.ടി, ജെ.എന്‍.യു, ജാമിഅ ക്ലാസുകള്‍ 31വരെ ക്ലാസുകള്‍ റദ്ദാക്കി, പരീക്ഷകള്‍ നീട്ടി. സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
നോയിഡയില്‍ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന ഓഫിസ് പൂര്‍ണമായും ഒഴിപ്പിച്ചു. 707 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകളും ഹരിയാനയിലെ അഞ്ചു ജില്ലകളിലെ സ്‌കൂളുകളും അടച്ചു. ഹരിയാനയിലെ എല്ലാ കോളജുകളും സര്‍വകലാശാലകളും അടച്ചു.
സാര്‍ക്ക് രാജ്യങ്ങള്‍ യോഗം ചേരണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 21ന് നടത്താനിരുന്ന ഗുജറാത്ത് യാത്ര പ്രധാനമന്ത്രി റദ്ദാക്കി.
ഐ.പി.എല്‍ ഉള്‍പ്പടെയുള്ള കായിക മത്സരങ്ങള്‍ നീട്ടിവയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.
ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തിയിലെ 37 ചെക് പോസ്റ്റുകളില്‍ 19 എണ്ണമൊഴികെ ബാക്കിയെല്ലാം അടച്ചു.
മെട്രോ സ്റ്റേഷനുകള്‍ അണുവിമുക്തമാക്കാന്‍ പ്രത്യേക ശുചീകരണം നടത്തും.
സുപ്രിം കോടതിയിലും നിയന്ത്രണം
കൊവിഡ് രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തില്‍ സുപ്രിം കോടതി സിറ്റിങുകള്‍ പരിമിതപ്പെടുത്തി. ഹോളി അവധി കഴിഞ്ഞ് തിങ്കളാഴ്ച കോടതി തുറക്കുമെങ്കിലും അടിയന്തര കേസുകള്‍ മാത്രമായിരിക്കും പരിഗണിക്കുക. ഇതോടൊപ്പം ബെഞ്ചുകളുടെ എണ്ണം കുറയ്ക്കും. കോടതി മുറിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും. കോടതി മുറിയിലെ മെന്‍ഷനിങുകള്‍ ഉണ്ടാകില്ല. പകരം മെന്‍ഷനിങ് ഓഫിസറുടെ മുന്നില്‍ മെന്‍ഷന്‍ ചെയ്യാം. കോടതി മുറിയിലേക്ക് പരിഗണിക്കുന്ന കേസിലെ അഭിഭാഷകര്‍ക്കും ഹരജിക്കാരിലൊരാള്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
മാസ്‌കും സാനിറ്റൈസറും അവശ്യവസ്തുക്കള്‍
ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറും കേന്ദ്രം അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചു. കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് നടപടി. ജൂണ്‍ 30 വരെയാണ് ഇവയെ അവശ്യ വസ്തുക്കളായി പരിഗണിക്കുക.
വോട്ടുചേര്‍ക്കാന്‍ നേരിട്ട് ഹാജരാകേണ്ട
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. എന്തെങ്കിലും കാരണത്താല്‍ ഇപ്പോള്‍ പേരു ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് വീണ്ടും അവസരം നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."