കരിപ്പൂര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്; കാര്‍ഗോ സാധനങ്ങള്‍ ലഭിക്കാതെ പ്രവാസികള്‍ ദുരിതത്തില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലം എയര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ ലഭിക്കാതെ പ്രവാസികള്‍ ബുദ്ധിമുട്ടില്‍. അവധിക്ക് നാട്ടിലേക്ക് വരുന്നതിനു മുന്നോടിയായി അയച്ച സാധനങ്ങളാണ് വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്നത്. യഥാസമയത്ത് ഉടമകള്‍ക്ക് നല്‍കാത്തതിനാല്‍ പഴവര്‍ഗങ്ങളും ചോക്‌ളേറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളും നശിക്കുകയാണ്. രേഖകളുമായി കസ്റ്റംസ് ഓഫിസില്‍ എത്തുന്നവര്‍ക്ക് സാധനങ്ങള്‍ നല്‍കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. സ്ഥലംമാറിവന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മോശമായാണ് പെരുമാറുന്നതെന്ന് പ്രവാസികള്‍ പറയുന്നു. സാധനങ്ങള്‍ അന്വേഷിച്ച് എത്തുന്നവരെ പല കാരണങ്ങള്‍ പറഞ്ഞു മടക്കുകയാണ്. പ്രവാസികളെ അസഭ്യം പറയുന്നതും ഇവരുടെ പതിവ് രീതിയാണത്രേ. കഴിഞ്ഞ ദിവസങ്ങളില്‍ സാധനങ്ങള്‍ കൈപ്പറ്റാന്‍ എത്തിയവരുടെ പാസ്‌പോര്‍ട്ടുകള്‍ ഇവര്‍ വാങ്ങിവച്ചതായും പരാതിയുണ്ട്. പിറ്റേദിവസം എത്തിയപ്പോള്‍ ഡപ്യൂട്ടി കമ്മിഷണര്‍ അവധിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. സഊദിയില്‍ നിന്നും ലീവിന് വന്നവരെയാണ് ഇത് ഏറെ ദുരിതത്തിലാക്കിയത്. ഞായറാഴ്ച മുതല്‍ യാത്രാവിലക്ക് ഉള്ളതിനാല്‍ ഇന്നലെയും ഇന്നുമായി സഊദിയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഇതില്‍ പലരും. എയര്‍ കാര്‍ഗോ വഴി സാധനങ്ങള്‍ അയക്കുന്നവരോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ ജോലി ചെയ്തപ്പോള്‍ യാത്രക്കാരന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണിയാള്‍.
പ്രവാസികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചത് നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നത് അവസാനിപ്പിക്കണമെന്നും മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."