സി.പി.എം പ്രാദേശിക നേതാവിനെ എല്‍.എം.യു മേധാവിയാക്കി കെ.എസ്.ഇ.ബി
തൊടുപുഴ: സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം കെ.എസ്.ഇ.ബി ലാന്റ് മാനേജ്‌മെന്റ് യൂനിറ്റ് (എല്‍.എം.യു) ചീഫ് കോ- ഓര്‍ഡിനേറ്റര്‍. സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ കരിമണ്ണൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ റിട്ട. ആര്‍.ഡി.ഒ എസ്. രാജീവിനെയാണ് പ്രതിമാസം 75,000 രൂപ ശമ്പളം നിശ്ചയിച്ച് എല്‍.എം.യു മേധാവിയാക്കി നിയമിച്ചത്. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനെ അഞ്ചു വര്‍ഷക്കാലം ലാന്റ് മാനേജ്‌മെന്റ് യൂനിറ്റിന്റെ തലപ്പത്തിരുത്തിയിട്ടും കാര്യമായ പ്രയോജനം വൈദ്യുതി ബോര്‍ഡിനു ലഭിക്കാതിരിക്കെയാണ് പുതിയ നിയമനം.
വൈദ്യുതി മന്ത്രി എം.എം. മണിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് എസ്. രാജീവിന്റെ നിയമനം. ഇതു സംബന്ധിച്ച് ബോര്‍ഡിന്റെ ഉത്തരവ് കഴിഞ്ഞ ആറിനു പുറത്തിറങ്ങി.
2014 ലാണ് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സി. രഘുവിനെ ചീഫ് കോ- ഓര്‍ഡിനേറ്ററാക്കി വൈദ്യുതി ബോര്‍ഡ് എല്‍.എം.യു രൂപീകരിച്ചത്. 2019 നവംബര്‍ 11ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. ലാന്റ് മാനേജ്‌മെന്റ് പോളിസി രൂപീകരിക്കുക, ഭൂമിയുടെ ഡാറ്റാബെയ്‌സ് തയാറാക്കുക, ഡാറ്റയുടെ ഉപയോഗക്ഷമതയും പ്രയോജനക്ഷമതയും ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ലാന്റ് മാനേജ്‌മെന്റ് യൂനിറ്റിന്റെ ചുമതലകള്‍.
സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഭൂമി സംരക്ഷിക്കാനുള്ള പദ്ധതി തയാറാക്കലും എല്‍.എം.യുവിന്റെ ചുമതലയാണ്. പ്രത്യേകിച്ചും ഇടുക്കിയിലെ വൈദ്യുതി ബോര്‍ഡ് ഭൂമിയിലെ കൈയേറ്റങ്ങള്‍ വേര്‍തിരിക്കല്‍ മുഖ്യ ചുമതലയാണ്.
കഴിഞ്ഞ മൂന്നിനു തിരുവനന്തപുരത്തു ചേര്‍ന്ന ഫുള്‍ടൈം ഡയരക്ടര്‍മാരുടെ യോഗത്തിലാണ് എസ്. രാജീവിനെ ലാന്റ് മാനേജ്‌മെന്റ് യൂനിറ്റ് ചീഫ് കോ- ഓര്‍ഡിനേറ്ററാക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന വന്‍ പെന്‍ഷന്‍ തുകയ്ക്കു പുറമെയാണ് പ്രതിമാസം 75,000 രൂപ കെ.എസ്.ഇ.ബി നല്‍കുന്നത്.
വൈദ്യുതി ബോര്‍ഡിന്റെ അഞ്ചു റിസര്‍വോയറുകളുടെ 815 ഏക്കര്‍ ഭൂമി കൈയേറ്റം മൂലം നഷ്ടപ്പെട്ടതായി വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് റിപ്പോര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുണ്ടള അണക്കെട്ടുകളുടെ റിസര്‍വോയര്‍ മേഖലകളിലാണ് കൈയേറ്റം നടന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."