തവിഞ്ഞാലില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് നാലാം തവണ
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇത് നാലാം തവണ. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റിന് ശേഷം മൂന്നാം തവണയും ഒന്നര മാസത്തിനിടെ രണ്ട് തവണയുമാണ് തവിഞ്ഞാലിലെ തോട്ടം തൊഴിലാളികളുടെ പാടികളില്‍ മാവോയിസ്റ്റ് സംഘമെത്തുന്നത്. 2013ല്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തവിഞ്ഞാല്‍ കമ്പമലയില്‍ ആദ്യമെത്തിയത്.
രൂപേഷിന്റെ അറസ്റ്റ് നടന്ന ഉടനെ തന്നെ മക്കിമല മേലെ തലപ്പുഴ കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണിതെന്നായിരുന്നു പൊലിസ് കണ്ടെത്തല്‍. ഇതിന് ശേഷം കഴിഞ്ഞ മാസം 14നായിരുന്നു സായുധ സംഘം കമ്പമലയിലെ ശ്രീലങ്കന്‍ വംശജര്‍ താമസിക്കുന്ന പാടികളിലെത്തി തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്റുകള്‍ നല്‍കിയത്.
വെള്ളിയാഴ്ച രാത്രിയിലെത്തിയ ജയണ്ണയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് മെയ് 14നും എത്തിയതെന്നാണ് പൊലിസ് നിഗമനം.
തിരുനെല്ലി, കൊട്ടിയൂര്‍, വനമേഖലയുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന പ്രദേശങ്ങളാണ് കമ്പമല, മക്കിമല, ചിറക്കര തുടങ്ങിയ സ്ഥലങ്ങള്‍. പാടികളിലെ ദുരിത ജീവിതത്തെ കുറിച്ച് പ്രദേശവാസികളെ ബോധ്യപ്പെടുത്തി പ്രാദേശികമായ പിന്തുണയും സഹായവും ഉറപ്പാക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു. തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ട് അടിച്ച് തകര്‍ത്ത കേസില്‍ തെളിവെടുപ്പിനായി രൂപേഷിന്റെ ഭാര്യ ഷൈനയെ മാനന്തവാടിയിലെത്തിച്ചതിന്റെ അടുത്ത ദിവസങ്ങളിലാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. രൂപേഷിന്റെ അറസ്റ്റോടെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം നിര്‍ജീവമായെന്ന് പറയപ്പെട്ടിരുന്നെങ്കിലും ഇടക്കിടെ ജില്ലയില്‍ മാവോയിസ്റ്റുകള്‍ എത്തുന്നത് പൊലിസ് സേനക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."