തലപ്പുഴ ചിറക്കരയില്‍ മാവോയിസ്റ്റ് സംഘമെത്തി 'കാട്ടു തീ' വിതരണം ചെയ്തു
മാനന്തവാടി: തവിഞ്ഞാല്‍ ചിറക്കര പാരിസണ്‍ തേയില തോട്ടത്തിലെ പാടികളില്‍ സായുധരായ മാവോയിസ്റ്റ് സംഘമെത്തി. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് ചിറക്കരയിലെ തൊഴിലാളികളുടെ വീടുകളിലും പാടികളിലും മൂന്ന് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമടങ്ങിയ ആറംഗ സംഘമെത്തിയത്.
പച്ച നിറത്തിലുള്ള യൂനിഫോമും തൊപ്പിയും ധരിച്ചിരുന്ന സംഘത്തിലുള്ള എല്ലാവരുടെയും കയ്യില്‍ തോക്കുണ്ടായിരുന്നു. ഇവര്‍ പരസ്പരം കന്നടയിലും പ്രദേശവാസികളോട് മലയാളത്തിലുമാണ് സംസാരിച്ചത്. പ്രദേശത്തെ ഭൂമിയുടെ നികുതി സ്വീകരിക്കാത്ത സര്‍ക്കാര്‍ നയത്തെ കുറിച്ചും പാടികളിലെ ദുരിത ജീവിതത്തെ കുറിച്ചും സംഘങ്ങള്‍ ചോദിച്ചറിയുകയും തങ്ങളുടെ പോരാട്ടവുമായി സഹകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.
രണ്ട് വീടുകളില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുകയും അരിയുള്‍പ്പടെയുള്ള പലവ്യജ്ഞനങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഒരു വീട്ടില്‍ കാട്ടുതീയുടെ പഴയ ലക്കങ്ങളായ 11, 14, 18 എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ച സംഘം തേയില തോട്ടത്തിലൂടെ നടന്ന് മറയുകയായിരുന്നു. നാട്ടുകാര്‍ തലപ്പുഴ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പി അസൈനാരുടെ നേതൃത്വത്തില്‍ പൊലിസും തണ്ടര്‍ ബോള്‍ട്ടും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
മാവോയിസ്റ്റുകളായ ജയണ്ണ, സുന്ദരി, മൊയ്തീന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നതായി പൊലിസ് സ്ഥിരീകരിച്ചതായാണ് സൂചന. ഇന്നലെ രാവിലെ തണ്ടര്‍ബോള്‍ട്ടും പൊലിസും തേയില തോട്ടത്തോടുള്ള വന പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."