പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്
ശംസുദ്ധീന്‍ ഫൈസി #
മലപ്പുറം: പഞ്ചായത്തുകളെ നൂറുശതമാനം ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തുകളാക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍മ പദ്ധതി മൂന്നാംഘട്ടത്തിലേക്ക്. സംസ്ഥാനത്തെ 120 ഗ്രാമപഞ്ചായത്തുകളിലാണ് ഇത്തവണ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഒരോ ജില്ലകളിലും പ്രത്യേകം പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. തിരുവനന്തപുരം-എട്ട്, കൊല്ലം-പത്ത്, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-എട്ട്, കോട്ടയം-എട്ട്, ഇടുക്കി-അഞ്ച്, എറണാംകുളം-11, തൃശൂര്‍-11, പാലക്കാട്-12, മലപ്പുറം-15, കോഴിക്കോട്-ഒന്‍പത്, കണ്ണൂര്‍-11, വയനാട്-മൂന്ന്, കാസര്‍കോട്-നാല് എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 101 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. അരുവിക്കരയിലായിരുന്നു തുടക്കം. ഒരോ പഞ്ചായത്തുകള്‍ക്കും 40,000 രൂപ എന്ന തോതില്‍ 120 പഞ്ചായത്തുകള്‍ക്ക് 48ലക്ഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി തുക വകയിരിത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലെ ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കി ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഇവ ലഭ്യമാക്കുന്നതിനായി മേളകള്‍ സംഘടിപ്പിക്കും. മുഴുവന്‍ കുടിവെള്ള സ്രോതസുകളെയും പരിശോധനക്ക് വിധേയമാക്കും. സ്വകാര്യ -പൊതു ഉടമസ്ഥതയിലുള്ള കുടിവെള്ള സ്രോതസുകളുടെ ലിസ്റ്റ് തയാറാക്കിയായിരിക്കും പരിശോധന നടത്തുക. അങ്കണവാടികളിലെയും സ്‌കൂളുകളിലെയും ഭക്ഷണ വിതരണ കാര്യങ്ങളില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് പരിശോധിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും.
പദ്ധതി നടപ്പിലാക്കുന്ന ഓരോ പഞ്ചായത്തുകളിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. റസിഡന്‍സ് അസോസിയേഷനുകള്‍ , ജനപ്രതിനിധികള്‍ എന്നിവര്‍ക്കും ഓഫിസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ മെസ് ജീവനക്കാര്‍ക്കും ക്ലാസുകള്‍ നല്‍കും. പഞ്ചായത്ത് കമ്മിറ്റികളുടെ പൂര്‍ണ പിന്തുണയോടെയായിരിക്കും പരിപാടികള്‍ ആസൂത്രണം ചെയ്യുക. ഈമാസം 15നകം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കപ്പെട്ട പഞ്ചായത്തുകളില്‍ നടപ്പിലാക്കി തുടങ്ങാനും മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാനുമാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."