കേന്ദ്ര സര്‍വകലാശാലക്ക് സുപ്രിംകോടതി നോട്ടിസയച്ചു
വി.കെ പ്രദീപ്#
കാസര്‍കോട്: ഹിന്ദി അസോസിയേറ്റ് പ്രൊഫസര്‍ സി.പി.വി വിജയകുമാരനെ പിരിച്ചുവിട്ട കേസില്‍ സുപ്രിംകോടതി കേരള കേന്ദ്ര സര്‍വകലാശാലക്ക് നോട്ടിസയച്ചു. നോട്ടിസിന് നേരിട്ടോ, അഭിഭാഷകന് മുഖേനയോ രണ്ടാഴ്ചക്കകം മറുപടി നല്‍കണം.
കഴിഞ്ഞ മാസം 23നാണ് എതിര് കക്ഷികളായ സര്‍വകലാശാല വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്ക് നോട്ടിസ് അയച്ചത്. കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന സി.എ.ജി റിപ്പോര്‍ട്ടിനിടയിലാണ് അസോസിയേറ്റ് പ്രൊഫസറെ അന്യായമായി പിരിച്ചുവിട്ട കേസില്‍ കേന്ദ്ര സര്‍വകലാശാലക്ക് സുപ്രിംകോടതി നോട്ടിസയക്കുന്നത്. നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസും സുപ്രിംകോടതിയിലുണ്ട്.
നവംബറിലാണ് ഹിന്ദി അസോസിയേറ്റ് പ്രൊഫസറായ വിജയകുമാരന്‍ നായരെ നിസാര കാരണങ്ങളുടെ പേരില്‍ സര്‍വകലാശാല പുറത്താക്കിയത്. ഇതിനെതിരേ വിജയകുമാരന്‍ നായര്‍ സുപ്രിംകോടതിയില്‍ പ്രത്യേകാനുമതി ഹരജി ഫയല്‍ ചെയ്തു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കഴിഞ്ഞമാസം 18നാണ് കേസ് പരിഗണിച്ചത്. ഇതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടതിന് വിശദീകരണം തേടി സര്‍വകലാശാലക്ക് നോട്ടിസ് നല്‍കിയത്. കേസ് ഫെബ്രുവരി 18ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."