അഫ്‌നാന് കണ്ണീരോടെ യാത്രാമൊഴി; വാഹനമില്ലാതെ വലഞ്ഞ കൂട്ടുകാരന് നല്‍കിയ സഹായം ഒടുവിലെത്തിയത് മരണത്തിലേക്ക്
കുറ്റ്യാടി: കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞ പാലേരി പാറക്കടവിലെ മലയന്റെകണ്ടിയില്‍ അബ്ദുറഹീമിന്റെ മകന്‍ അഫ്‌നാന്‍ അഫ്‌റഹിന് പ്രിയപ്പെട്ടവരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നിനച്ചിരിക്കാതെയെത്തിയ പ്രിയപ്പെട്ടവന്റെ ആകസ്മിക മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഒരു നാടൊന്നാകെ.
വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയായ അഫ്‌നാന്‍ പതിവുപോലെ രാത്രികാല ട്യൂഷന്‍ സെന്ററില്‍ പോയതായിരുന്നു. രാത്രി പത്തോടെ ട്യൂഷന്‍ കഴിയുകയും വാഹനം കിട്ടാത്തതിനെ തുടര്‍ന്നു കൂട്ടുകാരനായ കാഞ്ഞിരോളിയിലെ മുഹമ്മദിനെ സ്‌കൂട്ടറില്‍ കൊണ്ടാപോകുമ്പോള്‍ പാറക്കടവ് ജുമാ മസ്ജിദിനടുത്ത വളവില്‍ എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയും അപകടത്തില്‍പെടുകയുമായിരുന്നു.
ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ അഫ്‌നാന്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു. സംഭവ സമയം ഒപ്പമുണ്ടായിരുന്നവര്‍ അപകടനില തരണം ചെയ്തു ചികിത്സയില്‍ കഴിയുകയാണ്.
10ാം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് വാങ്ങി വീട്ടുകാരുടെയും അധ്യാപകരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉപരിപഠനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നതിനിടെയാണ് അഫ്‌നാനെ നിനച്ചിരിക്കാതെയെത്തിയ മരണം തട്ടിയെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീടിനടുത്തുള്ള മദ്‌റസയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് അവസാന നോക്ക് കാണാനെത്തിയത്. ശേഷം പാറക്കടവ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. രണ്ടു സഹോദരിമാര്‍ക്കൊപ്പം കൂടുംബത്തിലെ ഏക ആണ്‍തരിയായിരുന്നു അഫ്‌നാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."