കൊറോണ: സഊദിയില്‍ ഇഖാമ, റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു
നിസാര്‍ കലയത്ത്
ജിദ്ദ: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സഊദി വ്യോമയാന മന്ത്രാലയം നിര്‍ത്തി വെച്ചു.രണ്ടാഴ്ച്ച കാലത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നത്. നിയന്ത്രണം ഞായറാഴ്ച രാവിലെ 11 മണി മുതല്‍ പ്രാബല്യത്തില്‍ വരും.മുന്‍തീരുമാനം പോലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും രാജ്യത്ത് കൂടുതല്‍ കൊറോണ രോഗബാധിതരെ കïെത്തിയ സാഹചര്യത്തില്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തി വെക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.ഈ കാലയളവില്‍ രാജ്യത്ത് തിരികെയെത്താന്‍ കഴിയാത്തവര്‍ക്ക് സര്‍വീസ് കാലാവധി ഔദ്യോഗിക അവധിയായി കണക്കാക്കും.
യൂറോപ്പിലെ 28 രാജ്യങ്ങള്‍ക്ക് പുറമെ, ഇന്ത്യ, പാകിസ്താന്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, സുഡാന്, എത്യോപ്യ, സൗത്ത് സുഡാന്, എരിത്രിയ, കെനിയ, ജിബൂത്തി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസ് ആണ് സഊദി ഏറ്റവും ഒടുവില്‍ റദ്ദാക്കിയത്. ഇതോടെ സഊദി യാത്രാ നിരോധനം പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ എണ്ണം 53 ആയി ഉയര്‍ന്നു.
അതേ സമയം നിയന്ത്രണം ഏര്‍പ്പെടുത്തിയ കാലയളവില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ വിമാനങ്ങള്‍ സര്‍വീസ് നടത്തൂ.
അവധിക്ക് നാട്ടിലേക്ക പോയ പ്രവാസികളാണ് പുതിയ നിയന്ത്രണത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുക. വിസാ കാലാവധി അവസാനിക്കാറായ ഒട്ടേറെ മലയാളികളുടെ യാത്ര മുടങ്ങിയിരിക്കുകയാണ്. ഇവരുടെ ജോലി ഇതോടെ അനിശ്ചിതത്വത്തിലായി.
എന്നാല്‍ തിരിച്ചെത്താന്‍ കഴിയാത്തവരുടെ ഇഖാമ കാലാവധിയും റീ എന്‍ട്രി കാലാവധിയും നീട്ടി നല്‍കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി
രൂപീകരിച്ചതായി ജവാസാത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതേ കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യാത്ര വിലക്ക് തീരുമാനം പ്രഖ്യാപിച്ച സമയത് കാലാവധിയുള്ള റീ എന്‍ട്രികള്‍ ഓട്ടോമാറ്റിക് ആയി നീട്ടി നല്‍കും. നിര്‍ത്തി വെച്ച വിമാന സര്‍വീസിന്റെ അതെ കാലയളവിലേക്കാണ് ഇങ്ങിനെ ദീര്‍ഘിപ്പിക്കുക. അതിനിടെ വിസിറ്റ് വിസകളില്‍ സഊദിയില്‍ എത്തിയവരുടെ വിസ കാലാവധി നീട്ടി നല്‍കും. വിസിറ്റ് വിസയില്‍ സഊദിയില്‍ കഴിയാവുന്നത് പരമാവധി 180 ദിവസങ്ങളാണ്. പുതിയ പ്രത്യേക സാഹചര്യത്തില്‍ ഈ കാലാവധി കഴിഞ്ഞവരുടെയും വിസ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കും. ഫാമിലി വിസിറ്റ് വിസകള്‍ അടക്കം ബിസിനസ്, ചികിത്സ, തൊഴില്‍, ടൂറിസ്റ്റ് സന്ദര്‍ശന വിസകളില്‍ എത്തിയവര്‍ക്കെല്ലാം വിസ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കും. മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി വിസകളും നീട്ടി നല്‍കും. ഇതിനായി ജവാസത്തിനെ നേരിട്ട് സമീപിക്കുകയാണ് വേണ്ടത്. ആവശ്യമായ ഫീസ് അടച്ച് വിസകളുടെ കാലാവധി ദീര്‍ഘിപ്പിക്കാമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.
അതേ സമയം രാജ്യത്ത് പുതിയ 24 കൊറോണ രോഗബാധ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 86 ആയി ഉയര്‍ന്നു.രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സ്വദേശി വനിതയാണ്. ഫ്രാന്‍സില്‍ നിന്നും മടങ്ങിയെത്തിയ ഇവരില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. ഇവര്‍ റിയാദില്‍ ഐസൊലേഷനിലാണ്.ഇറ്റലിയില്‍ നിന്നും തിരികെ എത്തിയ മറ്റൊരു സ്വദേശി വനിതക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഖത്തീഫില്‍ ഐസൊലേഷനിലാണ്.രോഗബാധിതരില്‍ പതിനാല് പേര് ഈജിപ്ഷ്യന്‍ പൗരന്മാരാണ്. ഒരാള്‍ ബംഗ്ലാദേശ് പൗരനാണ്. ഇയാള്‍ മക്കയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."