ഇന്ധന ഇളവ്: കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ ബഹളം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് ഇന്ധനനികുതി ഇളവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ ബഹളം.
കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ഇന്ധനനികുതി ഇളവ് കരിപ്പൂരിനും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം കെ. ബീരാന്‍ കോയയാണ് കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ സി.പി.എം, സി.പി.ഐ അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. പുതുതായി തുടങ്ങിയ വിമാനത്താവളം എന്ന നിലയിലാണു കണ്ണൂരിന് ഇളവ് നല്‍കിയതെന്നായിരുന്നു ഇടതു കൗണ്‍സിലര്‍മാരുടെ വാദം. എന്നാല്‍ ഇതുമൂലം കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയിലാകുകയാണെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാരും വാദിച്ചു. കോഴിക്കോട്ടെ ജനങ്ങളുടെ വികാരമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിലേക്ക് ഈ വിവരം എത്തിക്കാന്‍ പ്രമേയം ഒറ്റക്കെട്ടായി പാസാക്കണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയമായി കാണുകയാണെന്നും പിണറായി വിജയന്‍ മലപ്പുറത്തിന്റെ മാത്രം മുഖ്യമന്ത്രിയല്ലെന്നുമായിരുന്നു ഇടതു കൗണ്‍സിലര്‍മാരുടെ നിലപാട്. ഒരുതരത്തിലും ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഇടതു കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കണ്ണൂരിന് ഇളവ് നല്‍കിയത് സ്വകാര്യ മുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയാണെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച ബീരാന്‍ കോയയുടെ അഭിപ്രായം. പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണു വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സുരേഷ്ബാബു അഭിപ്രായപ്പെട്ടു. സി.പി.എം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി ബാബുരാജ്, എം. രാധാകൃഷ്ണന്‍ തുടങ്ങിയവരും പ്രമേയത്തെ എതിര്‍ത്തു. പ്രമേയം വോട്ടിനിട്ടെങ്കിലും ഇടതുപക്ഷം എതിര്‍ത്തതിനെ തുടര്‍ന്ന് പാസാക്കാനായില്ല. ലോക് താന്ത്രിക് ജനതാദള്‍ അംഗങ്ങളായ രണ്ടുപേര്‍ നിഷ്പക്ഷത പാലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."