സൗത്ത് ബീച്ചില്‍ ലോറികള്‍ ഒഴിഞ്ഞു; പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് വാക്കേറ്റം
കോഴിക്കോട്: പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ലോറികള്‍ ഒഴിഞ്ഞ് സൗത്ത് ബീച്ച് പരിസരം. അതേസമയം പാര്‍ക്കിങ്ങ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊലിസും ലോറി ഏജന്റുമാരും തൊഴിലാളികളും തമ്മില്‍ ഇന്നലെ വാക്കേറ്റമുണ്ടായി.
ബീച്ചിലെ സീക്യൂന്‍ ഹോട്ടല്‍ പരിസരം മുതല്‍ ഗുജറാത്തി സ്ട്രീറ്റിനു സമീപമുള്ള പുതിയ പാര്‍ക്കിന്റെ കവാടം വരെ ലോറികളുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഇന്നലെ മുതലാണ് പൊലിസ് പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനായി കഴിഞ്ഞ ദിവസം തന്നെ പൊലിസ് ഇവിടെ നോ പാര്‍ക്കിങ്ങ് ബോര്‍ഡ് സ്ഥാപിക്കുകയും ലോറി ഏജന്റുമാരോടും തൊഴിലാളികളോടും ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാല്‍ സീക്യൂന്‍ ഹോട്ടലിന് സമീപം ഇന്നലെ രാവിലെ രണ്ടു ലോറികള്‍ പാര്‍ക്ക് ചെയ്തു.
തുടര്‍ന്ന് ട്രാഫിക് സി.ഐ ടി.പി ശ്രീജിത്തും ടൗണ്‍ സി.ഐ എ ഉമേഷും സ്ഥലത്തെത്തി ലോറി മാറ്റാന്‍ ആവശ്യപ്പെട്ടുവെങ്കിലും തൊഴിലാളികളും ഏജന്റുമാരും തയാറായില്ല. ഏറെനേരം ഈ നില തുടര്‍ന്നപ്പോള്‍ ലോറി കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലിസ് അറിയിക്കുകയായിരുന്നു. ഇതോടെ തൊഴിലാളികളും ഏജന്റുമാരും റോഡ് ഉപരോധിക്കുമെന്ന നിലപാടിലേക്ക് മാറി. റോഡ് ഉപരോധിച്ചാല്‍ അറസ്റ്റു ചെയ്തു നീക്കുമെന്നും പൊലിസ് അറിയിച്ചു. ഇതോടെ പാര്‍ക്ക് ചെയ്ത ലോറികള്‍ തൊഴിലാളികള്‍ തന്നെ മാറ്റി.
റോഡില്‍ അനധികൃതമായി ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നതിനാലാണ് സിറ്റി പൊലിസ് കമ്മിഷണറര്‍ കോറി സഞ്ജയ്കുമാര്‍ ഗുരുദിന്റെ നിര്‍ദ്ദേശ പ്രകാരം നിയന്ത്രണമേര്‍പ്പെടുത്തിയത്.
റോഡിന്റെ ഇരുവശങ്ങളിലും ലോറികള്‍ നിര്‍ത്തിയിടുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണിച്ച് സൗത്ത് ബീച്ച് സംരക്ഷണ സിമിതിയും തെക്കേപ്പുറം വോയ്‌സും നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
പ്രദേശവാസികളുടെ ദുരിതങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞ ദിവസം സിറ്റി പൊലിസ് കമ്മിഷണര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
സീക്യൂന്‍ ഹോട്ടലിന്റെ എതിര്‍വശത്ത് വീതി കൂടിയ ഭാഗത്ത് കാറുകള്‍ക്കും വീതികുറഞ്ഞ ഭാഗത്ത് ഇരുചക്രവാഹനങ്ങളും നിര്‍ത്തിയിടാനുള്ള സൗകര്യം പൊലിസ് ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."