മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിലേക്ക്
ചേവായൂര്‍: സംസ്ഥാന ബജറ്റിലൂടെ വാഗ്ദാന ലംഘനം നടത്തിയ സര്‍ക്കാരിനെതിരേ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസന ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിനൊരുങ്ങുന്നു. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റും ചരിത്രകാരനുമായ ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തിലാണു സമരം. 11ന് കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം നടത്താന്‍ ഇന്നലെ എം.ജി.എസിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
നേരത്തെ ഇത്തരമൊരു സമരം തീരുമാനിച്ചിരുന്നെങ്കിലും മുഖ്യ മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഈ ബജറ്റില്‍ റോഡ് വികസനത്തിനായുള്ള തുക വകയിരുത്തുമെന്ന് മുഖ്യമന്ത്രിയും ധനകാര്യ പൊതുമരാമത്ത് മന്ത്രിമാരും ഉറപ്പു നല്‍കിയിരുന്നു. ഈയടുത്ത് ഭരണാനുമതി നല്‍കിയ 234.5 കോടിയുടെ മൂന്നില്‍ ഒരുഭാഗം 78 കോടി രൂപ ഈ ബജറ്റില്‍ വകയിരുത്തുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ഫണ്ടും അനുവദിച്ചുവെന്ന് പറഞ്ഞ് കോഴിക്കോട് കോര്‍പറേഷന്‍ രണ്ടു തവണ സര്‍ക്കാരിന് അനുമോദന പ്രമേയം പാസാക്കിയിരുന്നു. ബജറ്റില്‍ റോഡ് വികസനത്തിനുള്ള ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍ കോഴിക്കോട് നഗരത്തിലെ ജനങ്ങളോടു കാണിച്ചത് കൊടുംവഞ്ചനയാണെന്ന് എം.ജി.എസ് പറഞ്ഞു. പ്രശ്‌നം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കിമെന്നും റോഡ് വികസനത്തിലെ അഴിയാകുരുക്കുകളും അധികാരവര്‍ഗ പൊയ്മുഖങ്ങളും വാഗ്ദാന ലംഘനങ്ങളും ഉള്‍പ്പെടുത്തി 'സത്യത്തിന്റെ നഗരം; ചില അപ്രിയ സത്യങ്ങള്‍' എന്ന വിഡിയോ ഡോക്യുമെന്ററി പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനു മുന്നോടിയായി ആറിന് വൈകിട്ട് മലാപറമ്പില്‍ ബഹുജന കണ്‍വന്‍ഷന്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
കണ്‍വന്‍ഷനില്‍ എം.പി, എം.എല്‍.എമാര്‍, കൗണ്‍സിലര്‍മാര്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അഡ്വ. മാത്യു കട്ടിക്കാന, എം.പി വാസുദേവന്‍, കെ.വി സുനില്‍കുമാര്‍, കെ.പി വിജയകുമാര്‍, പ്രദീപ് മാമ്പറ്റ, കെ. സത്യനാഥന്‍, സി. ചേക്കുട്ടി ഹാജി, എം.ടി തോമസ്, എ.കെ ശ്രീജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."