ലോക സമൂഹത്തിന് മുന്നില്‍ തലകുനിച്ച് ഇന്ത്യ
2011ലെ ഹജ്ജ് വേളയിലാണെന്നാണ് ഓര്‍മ. 150 ലേറെ രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രതിനിധികളും നയതന്ത്രജ്ഞരും ഏതാനും പണ്ഡിതന്മാരും, പതിവ്‌പോലെ, അറഫയില്‍ വട്ടമിട്ടിരുന്ന് പരസ്പരം പരിചയപ്പെടാനും ഓരോ രാജ്യത്തിന്റെയും ഏറ്റവുമൊടുവിലത്തെ രാഷ്ട്രീയ സാംസ്‌കാരിക തുടിപ്പുകള്‍ പങ്കുവയ്ക്കാനും തുടങ്ങി. സഊദിയുടെ ഔദ്യോഗിക മാധ്യമ സംഘത്തില്‍ ഉള്‍പ്പെടാന്‍ ഭാഗ്യം ലഭിച്ച ഇന്ത്യയില്‍നിന്നുള്ള ഏക പ്രതിനിധി എന്ന നിലയില്‍ എന്റെ ഊഴം വന്നപ്പോള്‍ സ്വയം പരിചയപ്പെടുത്തി. 'ഞാന്‍ ഇന്ത്യയില്‍നിന്ന്. 125 കോടി ജനത അധിവസിക്കുന്ന മഹത്തായ ജനാധിപത്യ, മതേതര റിപ്പബ്ലിക്കാണ് ഇന്ത്യ' ഇത് കേള്‍ക്കേണ്ട താമസം, അങ്ങേത്തലക്കിരിക്കുന്ന, ഒരുപക്ഷേ, കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള വയോവൃദ്ധന്‍ എഴുന്നേറ്റ്, ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, 'ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഇസ്‌ലാം വിശ്വാസിയാണ് താങ്കള്‍! ആധുനിക ലോകത്തിന് വെളിച്ചം പകര്‍ന്ന മഹാത്മാ ഗാന്ധിജിയുടെ നാട്ടില്‍ നിന്നാണല്ലോ വരുന്നത്. പൗരന്മാര്‍ക്ക് ജാതിയോ മതമോ വംശമോ ലിംഗമോ നോക്കാതെ സമത്വം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയാണ് ഇവരുടേത്. മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം ഭരണഘടനയില്‍ എഴുതിവയ്ക്കുകയും അവ പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതിന് സംവിധാനം സജ്ജീകരിക്കുകയും ചെയ്ത ഭരണകൂടമാണ് ഇന്ത്യയുടേത് '. ഫ്രഞ്ച്, ബ്രിട്ടിഷ്, അമേരിക്കന്‍ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറും മതതാരതമ്യപഠനത്തില്‍ വിശ്വപ്രശസ്തനുമായ അള്‍ജീരിയയില്‍നിന്നുള്ള പണ്ഡിതനാണ് ഇന്ത്യയെ ഇമ്മട്ടില്‍ ആവേശത്തോടെ പുകഴ്ത്തിയത് എന്നറിഞ്ഞപ്പോള്‍ ഒരിന്ത്യന്‍ പൗരനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനം കൊണ്ട നിമിഷം.
ഇന്ന് ലോകസമൂഹത്തിന് മുന്നില്‍ പല കാരണങ്ങളാല്‍ ഇന്ത്യ തലകുനിച്ചു നില്‍ക്കുമ്പോള്‍ ഓര്‍ത്തുപോവുകയാണ് നരേന്ദ്രമോദിയും ആര്‍.എസ്.എസും രാജ്യത്തിന്റെ കടിഞ്ഞാന്‍ ഏറ്റെടുക്കുന്നതിനു മുമ്പ് എന്തൊരു യശസ്സായിരുന്നു നമ്മുടെ രാജ്യത്തിന്. ഒരുവേള അറബ് സമൂഹം പ്രിയപ്പെട്ട ഓമനകള്‍ക്ക് 'ഹിന്ദ് ' എന്ന് പേര് വിളിച്ചായിരുന്നു നമ്മുടെ നാടിനോടുള്ള സ്‌നേഹാദരവ് പ്രകടിപ്പിച്ചിരുന്നത്. ഇന്ന് ഇറാന്റെ ആത്മീയ നേതാവ് മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യയിലെ മുസ്‌ലിംകളെ കുട്ടക്കൊല ചെയ്യുന്നതില്‍നിന്ന് ഹിന്ദുതീവ്രവാദി സംഘങ്ങളെയും അവരുടെ പാര്‍ട്ടികളെയും നിലക്കുനിര്‍ത്തിയില്ലെങ്കില്‍ ലോക സമൂഹത്തില്‍നിന്ന് ഇന്ത്യ ഒറ്റപ്പെടുമെന്ന്. 'ഇന്ത്യന്‍ മുസ്‌ലിംസ് ഇന്‍ ഡെയ്ഞ്ചര്‍' എന്ന ഹാഷ്ടാഗിലാണ് ഡല്‍ഹി കലാപാനന്തര ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ലോകം വിചാരണ ചെയ്യുന്നത്.
ബ്രിട്ടനിലെ ധൈഷണിക പ്രതിഭകളുടെ ചിന്താവേദിയായ 'ഫ്രീഡം ഹൗസ് ' രാജ്യതലസ്ഥാന നഗരിയില്‍ നടന്ന സംഘ്പരിവാര്‍ താണ്ഡവങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ച് കൊണ്ട് പറഞ്ഞു: ഹിന്ദുദേശീയ അജന്‍ഡയുമായി ഇന്ത്യന്‍ ഭരണകൂടം ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരിക്കുന്നു. ഒരുവേള ലോകത്തിലെയും ഏഷ്യയിലെയും സ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ഒരു രാജ്യത്തിന്റെ ജനാധിപത്യ ഭാവി ഇരുട്ടലാഴ്ന്നിരിക്കുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും മലേഷ്യയിലെ മഹാതീര്‍ മുഹമ്മദുമൊക്കെ ഡല്‍ഹിയില്‍ നടന്ന കൂട്ടക്കൊലയോടും കൂട്ട നശീകരണത്തോടും ശക്തമായ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍ നമുക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. കാരണം, 135 കോടി ജനം അധിവസിക്കുന്ന ലോകത്തിലെ ഏറ്റവും മഹത്തായ ജനായത്ത രാഷ്ട്രമാണ് ഇമ്മട്ടില്‍ നാണം കെടുന്നത്. ഗുജറാത്തിലെ കൂട്ടക്കൊലക്ക് ശേഷം നരേന്ദ്രമോദിക്ക് അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ ശക്തികള്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അത് മാറ്റിക്കിട്ടാന്‍ അദ്ദേഹം പരക്കം പാഞ്ഞതും വികൃതമായ മുഖം നേരെയാക്കാന്‍ പെട്ട പാടും നാം നേരില്‍ കണ്ടതാണ്.
2014ല്‍ പ്രധാനമന്ത്രിപദമേറിയ ഉടന്‍ സി.എന്‍.എന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഫരീദ് സക്കറിയയോട് മോദി പറഞ്ഞു: 'ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇന്ത്യക്കുവേണ്ടി ജീവിക്കും, ഇന്ത്യക്കു വേണ്ടി മരിക്കും. ഇന്ത്യക്ക് മോശമാകുന്ന ഒന്നും അവര്‍ക്കുവേണ്ടാ'. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഇതേ മോദി ന്യൂനപക്ഷ വിഭാഗങ്ങളോട് എന്തു നിലപാടാണ് സ്വീകരിച്ചത് എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണ് ഡല്‍ഹിയില്‍ മുസ്‌ലിം ഉന്മൂലനം ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ദുശ്ശക്തികള്‍, ഭരണകൂട മെഷിനറി ഉപയോഗിച്ച് നടപ്പാക്കിയ വംശഹത്യ.
കലാപമല്ല, ഏകപക്ഷീയ
വംശീയ ഉന്മൂലനം
ഫെബ്രുവരി 25ന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അഴിച്ചുവിട്ട ആക്രമണവും കുട്ടക്കൊലയും ആസൂത്രിത കൊള്ളയും കൊള്ളിവയ്പ്പുമെല്ലാം ആഗോളതലത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഏത് പദമുപയോഗിച്ചാണ് ഈ ദുരന്തപരമ്പരയെ വിശദീകരിക്കേണ്ടതെന്ന് സാമൂഹിക നിരീക്ഷകര്‍ പരസ്പരം ചോദിക്കുകയാണ്. ഇത് കേവലം വര്‍ഗീയ കലാപം അല്ല. ബ്രിട്ടിഷ് കോളനിവാഴ്ചക്കാലത്ത് തദ്ദേശീയരായ ജനങ്ങളെ പരസ്പരം തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തപ്പോള്‍ ആ സംഘര്‍ഷത്തെയാണ് കലാപം എന്ന് വിളിച്ച് വെള്ളക്കാര്‍ ആശ്വാസം കൊണ്ടത്. കലാപമാണെങ്കില്‍ രണ്ടുകൂട്ടര്‍ തുല്യപങ്കാളികളും ഉത്തരവാദികളുമായിരിക്കും.
സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം ആഴത്തില്‍ കൈകാര്യം ചെയ്യുന്ന ബ്രൗണ്‍ യൂനിവേഴ്‌സിറ്റി പ്രഫസറും 'Ethnic Conflict and CÈc Life: Hindus and Muslims in India' എന്ന പഠനാര്‍ഹമായ ഗ്രന്ഥത്തിന്റെ ഉടമയുമായ അഷ്‌തോഷ് വര്‍ഷനി (Ashutosh Varshney) യുടെ അഭിപ്രായത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയത് ആസൂത്രിതകൂട്ടക്കൊലയാണ്' ( organized pogrom). 'പോഗ്രം' എന്ന പദം ലോകത്തിന് കിട്ടിയത് റഷ്യയില്‍നിന്നാണ്. സാറിസ്റ്റ് റഷ്യയില്‍നിന്ന് യഹൂദ വംശത്തെ ഉന്മൂലനം ചെയ്യുന്നതിനായി നടത്തിയ കൂട്ടക്കൊലകളെയാണ് അത് ഓര്‍മിപ്പിക്കുന്നത്. രണ്ടു വിഭാഗങ്ങള്‍ അല്ലെങ്കില്‍ ആള്‍ക്കൂട്ടങ്ങള്‍ തമ്മില്‍ നടക്കുന്ന സാധാരണ കലാപങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഭരണകൂട മെഷിനറിയുടെ സഹായത്തോടെ ഒരു വിഭാഗത്തെ കൊന്നൊടുക്കുന്ന അത്യന്തം ഭീകരമായ കൃത്യമാണിത്. ഇവിടെ ഭരണകൂട പ്രതിനിധികളായ പൊലിസ് ഒന്നുകില്‍ ഒരുവിഭാഗത്തിന്റെ കൂടെ നില്‍ക്കുന്നു; അല്ലെങ്കില്‍ കൊടുംകുറ്റങ്ങള്‍ കണ്‍മുമ്പില്‍വെച്ച് നടക്കുമ്പോഴും കാണാത്ത മട്ടില്‍ പെരുമാറുന്നു. അതുമല്ലെങ്കില്‍ ഒരു പക്ഷം ചേര്‍ന്ന് അക്രമത്തില്‍ സജീവമായി ഭാഗവാക്കാവുന്നു. 'ദി വയര്‍' സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ ഭാട്ടിയയുടെ അഭിപ്രായത്തില്‍ ആര്‍.എസ്.എസും വി.എച്ച്.പിയും ബജ്‌റംഗ്ദളുമെല്ലാം ചേര്‍ന്ന്, പൊലിസിന്റെ സജീവ ഒത്താശയോടെ നടപ്പാക്കിയ കൂട്ടക്കൊല 'വംശീയവിച്ഛേദനത്തി'ന്റെ (Ethnic Cleansing) ഗണത്തിലാണ് പെടുന്നത്.
പൗരത്വനിയമത്തിനെതിരേ സമരം ചെയ്യുന്ന പ്രക്ഷോഭകരെ ആട്ടിയോടിക്കുകയോ ഏതാനും പേരെ കൊലപ്പെടുത്തി ഭയപ്പെടുത്തുകയോ 'ശത്രുക്കളുടെ' ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കുകയോ ആയിരുന്നില്ല അക്രമികളുടെ ലക്ഷ്യം. 'ഗെറ്റോകളില്‍ ' കഴിയുന്ന, മുസ്‌ലിംകളെ ഉന്മൂലനം ചെയ്ത്, അവര്‍ ജീവിച്ച ഇടവും അവര്‍ സമ്പാദിച്ചതത്രയും കൈക്കലാക്കി മേധാവിത്തം സ്ഥാപിച്ചെടുക്കലാണ്. ഇത് രാജ്യത്ത് എവിടെയും 'വിജയപ്രദമായി' പരീക്ഷിക്കാന്‍ പറ്റുന്ന ഒരു രീതിയായത്‌കൊണ്ട് തന്നെ, അഷ്‌തോഷ് വര്‍ഷനി നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: ഇവിടെ ന്യൂനപക്ഷങ്ങളുടെ ഭാവി ഇരുളടഞ്ഞതാണ്. മതേതര വ്യവസ്ഥയും മൂല്യവിചാരവും മാത്രമല്ല, ജനാധിപത്യ ഭരണമെഷനറി പോലും തകര്‍ന്ന, ഐജാസ് അഹമദിന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'ജനാധിപത്യാനന്തര (Ptos Democratic) ദശാസന്ധിയില്‍ എന്തും സംഭവിക്കാം. ഫാസിസ്റ്റ് ഇറ്റലിയിലും നാസി ജര്‍മനയിലും എട്ട് പതിറ്റാണ്ട് മുമ്പ് കേട്ട 'അന്തിമ പരിഹാരം' (Final Solution) എന്ന വാക്ക് അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയ നിരീക്ഷകരുടെ വാക്കിലും എഴുത്തിലും കടന്നുവന്നുകൊണ്ടിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ലോകം നിര്‍ന്നിമേഷരായി നോക്കിനില്‍ക്കുമെന്ന് കരുതുന്നത് മൗഢ്യമല്ലേ? ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം നടമാടിയപ്പോള്‍ ആ രാജ്യത്തേക്ക് ഒരൊറ്റ ഇന്ത്യക്കാരനും പോകാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിച്ച ഗാന്ധിജിയുടെ നാട്ടില്‍ മനുഷ്യരെ പച്ചക്ക് അടിച്ചുകൊല്ലുന്നത് കാണുമ്പോള്‍ ലോകം മിണ്ടിപ്പോകരുത് എന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമാണോ?
ലോകം ഉയര്‍ത്തുന്ന മുന്നറിയിപ്പുകള്‍
ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍നിന്ന് ന്യൂനപക്ഷങ്ങളെ പിന്തിരിപ്പിക്കാമെന്ന വ്യാമോഹത്തോടെയാണ് ആര്‍.എസ്.എസ് ഡല്‍ഹി കൂട്ടക്കൊല ആസൂത്രണം ചെയ്തത്. ഇപ്പോഴും ഭീഷണി മുഴക്കുന്നുണ്ട്. പക്ഷേ പൗരത്വനിയമത്തില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ലോകസമൂഹം ജാഗരൂകരാണ്. ഈ നിയമം, വരാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് മുസ്‌ലിംകള്‍ ഒഴിവാക്കപ്പെടുന്നതിന് കാരണമായേക്കുമെന്ന് മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളില്‍നിന്ന് ഇത്തരമൊരു ഭാവിഷ്യത്ത് വായിച്ചെടുക്കാമെന്നും ദേശീയ പൗരത്വ പട്ടികയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതോടെ രാജ്യമില്ലാത്ത അവസ്ഥയും നാട് കടത്തലും തടങ്കല്‍ പാളയത്തിലെ അനിശ്ചിത ജീവിതവും പ്രത്യാഘാതമായി വന്നുഭവിക്കുക തന്നെ ചെയ്യുമെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ വാര്‍ത്തയോട് പ്രതികരിക്കവെ, മോദി സര്‍ക്കാരിന്റെ വക്താവ് പറഞ്ഞത്, സി.എ.എ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും പ്രധാനമന്ത്രി മോദി ഈ വിഷയത്തില്‍ ഒരിഞ്ച് പിറകോട്ട് പോകാന്‍ തയാറല്ല എന്നുമാണ്. ഇത് മനസ്സിലാക്കിയാവണം മുന്‍നിലപാടില്‍നിന്ന് തെന്നിമാറി ഡല്‍ഹി സന്ദര്‍ശന വേളയില്‍ ഡൊണാള്‍ഡ് ട്രംപ് മലക്കം മറിച്ചില്‍ നടത്തിയത്. മത സ്വാതന്ത്ര്യത്തിന്റെ വിഷയത്തിലും മോദിയെ സംരക്ഷിക്കുന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിച്ചത്. മതസ്വാതന്ത്ര്യ വിഷയത്തില്‍ ഏറെ ചര്‍ച്ച ചെയ്‌തെന്നും എല്ലാവരുടെയും മുന്നില്‍വെച്ച് 'ശക്തമായ ഉത്തരമാണ് 'തനിക്കു ലഭിച്ചതെന്നും പറഞ്ഞ ട്രംപ്, മുസ്‌ലിംകളോട് ഒരു തരത്തിലുള്ള വിവേചനവും നടക്കുന്നില്ല എന്ന മോദിയുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വാസത്തിലെടുത്തു. ട്രംപിനെപോലുള്ള രാഷ്ട്രീയ ഭ്രാന്തന്മാര്‍ എന്ത് നിലപാട് എടുത്താലും ശരി, ഡല്‍ഹി മോഡല്‍ കൂട്ടക്കൊലകളുമായാണ് ഹിന്ദുത്വ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ആഗോള സമ്മര്‍ദം കൂടിക്കൂടി വരുകയും, പിടിച്ചുനില്‍ക്കാനുള്ള ധാര്‍മിക ബലം നഷ്ടപ്പെട്ട് സ്വയം ശിഥിലീകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് രാജ്യമെത്തുകയും ചെയ്യുമെന്ന് മറക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."