കാവനൂര്‍ ഉപതെരഞ്ഞെടുപ്പ്: മത്സരരംഗത്ത് എട്ടുപേര്‍
അരീക്കോട്: കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനും പിന്‍വലിക്കാനുമുള്ള സമയം പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് എട്ടുപേര്‍. പതിനാല് സ്ഥാനാര്‍ഥികള്‍ 23 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. അവസാന നിമിഷം 15 സെറ്റ് പത്രികകള്‍ പിന്‍വലിച്ചു. എളയൂര്‍ സ്വദേശിയായ മുക്കണ്ണന്‍ സഫിയയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. പൊട്ടണംചാലില്‍ ഷാഹിന മിനിയാണ് എല്‍.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. അഡ്വ. കെ. ആഷിജയാണ് ബി.ജെ.പി സ്ഥാനാര്‍ഥി.
ഇവര്‍ക്ക് പുറമെ അഞ്ച് പേരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. ഷഹന റിയാസ്, എം.പി ഷഹീന, ഷാഹിന മാഞ്ചേരി, ഉമ്മുഖൈറ, സഫിയ എന്നിവരാണ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.
അഞ്ച് സ്വതന്ത്രരില്‍ മൂന്ന് പേരും പേരുകൊണ്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷാഹിന മിനിക്ക് വെല്ലുവിളി ഉയര്‍ത്തുന്നവരാണ്. മുസ്‌ലിം ലീഗില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ടവരുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ് ശഹന റിയാസിനെ സ്വതന്ത്രയായി മത്സരിപ്പിക്കാന്‍ ഒരുങ്ങിയതെങ്കിലും ബാലറ്റ് മെഷീനില്‍ ഒരേ രീതിയില്‍ പേരു തെളിയുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഷാഹിന മിനിക്കാണ് തിരിച്ചടിയാകുക.
മൊബൈല്‍ ഫോണാണ് ഷഹന റിയാസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. സ്വതന്ത്രരായ എം.പി ഷഹീനയും ഷാഹിന മാഞ്ചേരിയും ബാലറ്റ് മെഷീനിന് മുന്നിലെത്തുന്ന ഇടത് അനുകൂല വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. കുടയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം. സ്വതന്ത്രര്‍ക്ക് അനുവദിച്ച ടിഷ് ആന്റിനയും മേശവിളക്കും പെട്ടെന്ന് കുടയെ പോലെ തോന്നിപ്പിക്കും എന്നതും എല്‍.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഉമ്മുഖൈറക്ക് ബലൂണാണ് ചിഹ്നം. യു.ഡി.എഫ് സ്ഥാനാര്‍ഥി മുക്കണ്ണന്‍ സഫിയക്ക് അപരയാകുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി പി.പി സഫിയക്ക് ജനല്‍ ചിഹ്നമാണ് അനുവദിച്ചത്. ഇതിന് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ അടയാളമായ കോണിയുമായി നേരിയ സാമ്യമുണ്ടാകും. സ്വതന്ത്രയായ പി.പി സഫിയ 2005 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ചെങ്ങര തടത്തില്‍ വാര്‍ഡില്‍നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നിലവില്‍ കാവനൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റായ കാഞ്ഞിരപ്പള്ളി റംലയോട് 108 വോട്ടിനാണ് സഫിയ പരാജയപ്പെട്ടിരുന്നത്.
സി.പി.എമ്മിന്റെ ഔദ്യോഗിക ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് സഫിയ ജനവിധി തേടിയിരുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ട സഫിയ സ്വതന്ത്രയായി രംഗത്ത് വരുന്നതിന് പിന്നില്‍ സി.പി.എമ്മിന്റെ നീക്കമാണെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."