മായംകലര്‍ന്ന വെളിച്ചെണ്ണ; നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞു
എരുമപ്പെട്ടി: മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും വേലൂര്‍ പഞ്ചായത്തും ചേര്‍ന്ന് സീല്‍ ചെയ്ത കിരാലൂരിലെ വെളിച്ചെണ്ണ കമ്പനിയില്‍ നിന്നും വെളിച്ചെണ്ണ പാക്കറ്റ് കയറ്റിയ വാഹനങ്ങള്‍ പുറത്തേക്ക് കൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച കേരനാട്, ബ്രില്യന്റ് എന്നീ പേരികളിലുള്ള വെളിച്ചെണ്ണകള്‍ കിരാലൂരിലെ എ.ജെ സണ്‍സ് എന്ന കമ്പനിയില്‍ നിന്നും ഒരു മാസം മുന്‍പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഗോഡൗണിലും 25 കണ്ടയ്‌നര്‍ വാഹനങ്ങളിലുമായി 15000 ലിറ്ററിലധികം വെളിച്ചെണ്ണയാണ് നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്പനിയും വാഹനങ്ങളും സീല്‍ ചെയ്തിരുന്നു. പഞ്ചായത്ത് കമ്പനിയുടെ പ്രവര്‍ത്തനാനുമതി റദ്ദ് ചെയ്ത് കമ്പനി പൂട്ടി സീല്‍ വെക്കുകയും ചെയ്തു.
എന്നാല്‍, വാഹനങ്ങള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ പഞ്ചായത്തിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
നിരോധിക്കാത്ത ബ്രാന്റുകളിലുള്ള വെളിച്ചെള്ള കൊണ്ടു പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇതിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, കമ്പനിയില്‍ സൂക്ഷിച്ചിരുന്നത് മറ്റു ബ്രാന്റുകളിലുള്ള വെളിച്ചെണ്ണ വാഹനങ്ങളില്‍ കൊണ്ട് പോകാന്‍ കമ്പനി അധികൃതര്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. വാഹനങ്ങള്‍ കൊണ്ട് പോകാന്‍ മാത്രമെ കോടതിയുടെ അനുമതിയുള്ളൂവെന്ന് ചൂണ്ടി കാട്ടിയായിരുന്നു നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജയശ്രീ, എരുമപ്പെട്ടി എസ്.ഐ സുബിന്ത്, വേലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന രാമചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ പ്രശാന്ത് കുമാര്‍, പി.കെ ശ്യാംകുമാര്‍ സ്ഥലത്തെത്തിയിരുന്നു. കമ്പനിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണകളുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് എടുത്തിട്ടുണ്ട്.
വാഹനങ്ങളില്‍ കൊണ്ട് പോകുന്ന വെളിച്ചെണ്ണ നിരോധിക്കാത്ത ബ്രാന്‍ഡുകളായതിനാല്‍ തടയാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കൊണ്ട് പോകുന്നത് കമ്പനി നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."