എന്റെ പാഠങ്ങള്‍
അമ്മയുടെ കണ്ണുനീര്‍
കണ്ടാണ് കരയാന്‍ പഠിച്ചത്
അച്ഛന്റെ വൃത്തികെട്ട
സംസാരവും ഛര്‍ദിയും
കണ്ടാണ് ലഹരിയെന്തെന്ന്
പഠിച്ചത്
പെങ്ങളുടെ കിടപ്പറ
കണ്ടാണ് ചൂഷണമെന്തെന്ന് പഠിച്ചത്
വീടിന്റെ ഉത്തരത്തില്‍
പാകിയ ഓടിന്റെ തുളയുടെ
വലുപ്പമളന്നാണ്
ദാരിദ്ര്യമെന്തെന്ന് പഠിച്ചത്
അടുപ്പില്‍ വയ്ക്കുന്ന
വിറകുകള്‍ എണ്ണിയാണ്
വിഷപ്പെന്തെന്ന് പഠിച്ചത്
പിന്നെ വിശദീകരണങ്ങളായിരുന്നു
ആവശ്യം,
അമ്മയുടെ കണ്ണുനീരിന്റെ
വിശദീകരണം
അച്ഛന്റെ ലഹരിയില്‍
തന്നെയുണ്ടായിരുന്നു
അച്ഛന്റെ ഛര്‍ദിയുടെ
വിശദീകരണം
ഓടിന്റെ തുളയില്‍ ഉണ്ടായിരുന്നു
പെങ്ങളുടെ കിടപ്പറയുടെ
വിശദീകരണം
അടുപ്പിലെ വിറകുകളില്‍
ഉണ്ടായിരുന്നു
ഒടുവില്‍ ബാക്കിവന്ന
ഓടിന്റെ തുളക്കും
വിറകിന്റെ എണ്ണത്തിനും
ലഭിച്ചത് ഒരു ഉത്തരമാണ്,
ഞാന്‍ എന്ന വലിയ ഉത്തരം...
ഇപ്പോള്‍ പഴയ പാഠങ്ങള്‍
മാറ്റിയെഴുതുന്ന തിരക്കിലാണ്
വിശദീകരണങ്ങള്‍ക്കപ്പുറം
ഉത്തരങ്ങള്‍ മാത്രമുള്ള
പുതിയ പാഠങ്ങള്‍ തേടി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."