കാണാതായ ബോട്ടിലെ രണ്ടു ജീവനക്കാരുടെ മൊബൈല്‍ റിങ് ചെയ്തതായി ബന്ധുക്കള്‍
മംഗളൂരു: കാണാതായ ബോട്ടിലെ രണ്ടു ജീവനക്കാരുടെ മോബൈല്‍ ഫോണുകള്‍ റിങ് ചെയ്തതായി ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. മല്‍പേ ഹാര്‍ബറില്‍നിന്നു ഡിസംബര്‍ 13 നു മത്സ്യബന്ധനത്തിനു പോയ സുവര്‍ണ ത്രിഭുജ ബോട്ടിലെ രണ്ടു തൊഴിലാളികളുടെ ഫോണുകള്‍ റിങ് ചെയ്തതായാണ് ബന്ധുക്കള്‍ പറയുന്നത്.
തൊഴിലാളികളായ കുംത ഹൊളനഗഡ്ഡയിലെ ലക്ഷ്മണ്‍ ഹരികാന്ത, ഹൊന്നാവര്‍ മാങ്കിയിലെ രവി എന്നിവരുടെ ഫോണുകളാണ് കഴിഞ്ഞ ദിവസം ട്രൈ ചെയ്തപ്പോള്‍ റിങ് ആയതായി ഇവരുടെ ബന്ധുക്കള്‍ പറയുന്നത്. ലക്ഷ്മണന്റെ ഫോണ്‍ ബുധനാഴ്ച രാത്രിയിലും രവിയുടെ ഫോണ്‍ വ്യാഴാഴ്ച രാവിലെയുമാണ് റിങ് ആയതെന്നും ബന്ധുക്കള്‍ പറയുന്നു.
ബുധനാഴ്ച രാത്രി 7.24, 7.47 എന്നീ സമയങ്ങളില്‍ ലക്ഷ്മണയുടെ മകള്‍ വിളിച്ചപ്പോളാണ് റിങ് ശബ്ദം കേട്ടതെന്നും പിന്നീട് സ്വിച്ച് ഓഫായതായി സ്വരം കേള്‍ക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ലക്ഷ്മണനെ കാണാതായ വിവരം അറിഞ്ഞതു മുതല്‍ എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും ഇവര്‍ പറയുന്നു.
അതെസമയം, ബോട്ടും അതിലെ ജീവനക്കാരെയും കണ്ടെത്താന്‍ തിരച്ചിലിന് നേതൃത്വം നല്‍കിയ പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ബോട്ടു കാണാതായ ശേഷം അതിലെ ജീവനക്കാരുടെ മൊബൈല്‍ഫോണുകള്‍ ഒരിക്കലും സ്വിച്ച് ഓഫില്‍ നിന്നു മുക്തമായിട്ടില്ലെന്നും ബന്ധുക്കള്‍ ട്രൈ ചെയ്തപ്പോള്‍ ഉണ്ടായ റിങ് ശബ്ദം മൊബൈല്‍ ടവറില്‍ നിന്നു കോളുകള്‍ ജമ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമായിരിക്കുമെന്നുമാണ്.
കാണാതായ മത്സ്യത്തൊഴിലാളികളുടെ ഫോണുകള്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിയിരുന്നെങ്കിലും ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു.
എന്നാല്‍ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ശരിയായ വിവരം നല്‍കുന്നില്ലെന്ന ആരോപണങ്ങളാണ് മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അന്വേഷണം നടത്തി വരുന്നുവെന്ന് പറയുന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നില്ലെന്നും ഇവര്‍ പറയുന്നു.
കുറച്ചു ദിവസം മുന്‍പ് കടലില്‍ ബോട്ടിന്റെ അവശിഷ്ടം കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇത് സുവര്‍ണ ത്രിഭുജയുടേതാണെന്നു ഉറപ്പിച്ചിരുന്നില്ല. എന്നാല്‍ ഐ.എന്‍.എസ് കൊച്ചി കപ്പലിന്റെ അടിഭാഗത്ത് ഡിസംബര്‍ 16നു മഹാരാഷ്ട്ര കടലില്‍ കേടുപാടുണ്ടായത് ഏതോ ബോട്ടിലിടിച്ചതിനെ തുടര്‍ന്നാണെന്ന് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേ ഭാഗത്താണ് കടലില്‍ എഴുപത് മീറ്ററോളം താഴ്ചയില്‍ അവശിഷ്ടം കണ്ടെത്തിയത്. എന്നാല്‍ ഇത് കാണാതായ ബോട്ടിന്റെതാണെന്ന് ഉറപ്പിക്കാന്‍ ത്രീഡി മാപ്പിങ് സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധനയും മറ്റും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഒരാഴ്ചക്കുള്ളില്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വന്നില്ലെകില്‍ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച് പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുമെന്ന് മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരുമാസം മുന്‍പ് കാല്‍ ലക്ഷത്തിലധികം ആളുകളെ സംബന്ധിപ്പിച്ചു കൊണ്ട് തൊഴിലാളികള്‍ ഉഡുപ്പി മല്‍പേ മേഖലയില്‍ ദേശീയ പാത ഉപരോധം നടത്തിയിരുന്നു. എന്നാല്‍ കാണാതായ വിവരം അരിഞ്ഞത് മുതല്‍ കോസ്റ്റ് ഗാര്‍ഡ്,പൊലിസ്,നേവി എന്നിവയുടെ നേതൃത്വത്തില്‍ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ കടലില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ബോട്ടിനെ സംബന്ധിച്ചുള്ള യാതൊരു വിവരവും കിട്ടിയിരുന്നില്ല.
മഹാരാഷ്ടരയിലെ സിന്ധു ദുര്‍ഗ് ഭാഗത്ത് മത്സ്യം സൂക്ഷിക്കുന്ന രണ്ടു പെട്ടികള്‍ കടലില്‍ നിന്നു കിട്ടിയിരുന്നു. പെട്ടികളില്‍ എസ്.ടി എന്ന് എഴുതിയതായും കണ്ടെത്തിയിരുന്നു. ഇത് സുവര്‍ണ ത്രിഭുജയെന്നതിന്റെ ചുരുക്കെഴുത്താണെന്ന നിഗമനത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."