അവര്‍ 21 പേര്; ആശ്വാസ മണ്ണില്‍ കാലുകുത്തി
നെടുമ്പാശേരി: കൊവിഡ് 19 പടരുന്ന ഭീതിയില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന മലയാളികളുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഇറ്റലിയില്‍ നിന്നുള്ള 21 പേരടങ്ങുന്ന സംഘം എമിറെറ്റ്സ് വിമാനത്തില്‍ ദുബൈ വഴി നെടുമ്പാശേരിയിലെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തോളം ഇറ്റലിയിലെ റോം വിമാനത്താവളത്തില്‍ കുടുങ്ങി കിടന്നവരാണ് ഇന്നലെ മടങ്ങിയെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഇവരില്‍ 20 പേരെ പ്രത്യേക ആംബുലന്‍സുകളില്‍ ആലുവ ജില്ലാ ആശുപത്രിയിലേക്കും ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. കൊവിഡ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് വരണമെങ്കില്‍ രോഗ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിര്‍ദേശമാണ് ഇവര്‍ക്ക് വിനയായത്. ഇറ്റലിയില്‍ നിന്നും ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാതിരുന്നതോടെയാണ് ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം വെള്ളിയാഴ്ച ഇറ്റലിയിലെത്തി ഇവരെ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങാനായത്. ഇനിയും നിരവധി പേര് നാട്ടിലേക്ക് മടങ്ങാനാകാതെ ഇറ്റലിയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തമായ വിവരം നല്കാന് ഔദ്യോഗിക സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."