ചിറയിന്‍കീഴിന് 344.26 കോടി; തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിന് 280 കോടി
കഴക്കൂട്ടം: സംസ്ഥാന ബജറ്റില്‍ ചിറയിന്‍കീഴ് മണ്ഡലത്തിന് അനുവദിച്ചത് 344.26 കോടി രൂപ. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 280 കോടി രൂപയുടെയും വികസനപ്രവര്‍ത്തനങ്ങളാണ് സംസ്ഥാന ബജറ്റില്‍ മണ്ഡലത്തില്‍നിന്നും പ്രധാനമായി ഇടംപിടിച്ചത്.
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് മെഡിക്കല്‍ ഡിവൈസുകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള മെഡ്‌സ് പാര്‍ക്കിന്റെ നിര്‍മാണം 230 കോടി രൂപ ചെലവില്‍ ഈ വര്‍ഷം ആരംഭിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്കുള്ള 25,000 ചതുരശ്ര അടിയുള്ള ആദ്യ കെട്ടിടവും ഈ വര്‍ഷം പൂര്‍ത്തിയാവുകം. 78,000 ചതുരശ്ര കെട്ടിടത്തിനായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ മംഗലപുരം പഞ്ചായത്തില്‍ പാട്ടത്തില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് മൂന്നുനില കെട്ടിട നിര്‍മാണത്തിന് ഒന്നരക്കോടി രൂപയും, പതിനാറാം മൈല്‍ വേങ്ങോട് മുട്ടുകോണം സായിഗ്രാമം മങ്കാട്ടുമൂല റോഡിന് ആറുകോടി രൂപയും അനുവദിച്ചു.
തോന്നയ്ക്കല്‍ വെയിലൂര്‍ റോഡ് പുനരുദ്ധാരണത്തിന് മൂന്നുകോടി രൂപയും, അഴൂര്‍ മുരുക്കുംപുഴ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ റോഡിനും പാലത്തിനുമായി അഞ്ചുകോടി രൂപയും, കഠിനംകുളം പഞ്ചായത്തില്‍ ചാന്നാങ്കര കൊച്ചു കൊടുങ്ങല്ലൂര്‍ റോഡ് പുനരുദ്ധാരണത്തിന് മൂന്നു കോടി രൂപയും, നെഹ്‌റു ജങ്ഷന്‍ മുതല്‍ ചാന്നാങ്കര വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് മൂന്നുകോടി രൂപയും, ടി.എസ് കനാലിനു കുറുകെ ഉള്ള സെന്റ് ആന്‍ഡ്രൂസ് പാലം നിര്‍മാണത്തിന് അഞ്ചുകോടി രൂപയും വകയിരുത്തി.
പുതുക്കുറിച്ചി കോണ്‍വെന്റ് കൊട്ടാരം തുരുത്ത് റോഡ് പുനരുദ്ധാരണത്തിന് ഒന്നര കോടി രൂപയും, ടി.എസ് കനാലിനു കുറുകെ അണക്കപ്പിള്ള പാലം നിര്‍മാണത്തിന് മൂന്നുകോടി രൂപയും ടി.എസ് കനാലിനു കുറുകെ ആറാട്ടുവഴി പാലം നിര്‍മാണത്തിന് മൂന്നുകോടി രൂപയും, ചാന്നാങ്കര പാലം നിര്‍മാണം മൂന്നുകോടി രൂപയും വകവരുത്തിയിട്ടുണ്ട്.
ചിറയിന്‍കീഴില്‍ പ്രേംനസീര്‍ സാംസ്‌കാരികനിലയം നിര്‍മാണത്തിന് അഞ്ചുകോടി രൂപയും, ചിറയിന്‍കീഴില്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണത്തിന് ആറുകോടി രൂപയും, വലിയകട ശാര്‍ക്കര റെയില്‍വേ ക്രോസ് റോഡ് നിര്‍മാണത്തിന് അഞ്ചുകോടി രൂപയും, കിഴുവിലം പഞ്ചായത്തിലെ കക്കോട് ഭാഗത്ത് മാമം നദിയുടെ വലതുകരയിലുള്ള ബണ്ട് സംരക്ഷണ പണികള്‍ക്ക് 11 ലക്ഷം രൂപയും, പുരവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിന് മൂന്നുനില കെട്ടിടനിര്‍മാണത്തിന് ഒന്നര കോടി രൂപയും അനുവദിച്ചു.
കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണത്തിന് മൂന്നുകോടി രൂപയും ഏലാപുറം എലയുടെ ജലസേചനസൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് 15 ലക്ഷം രൂപയും, മുദാക്കല്‍ പഞ്ചായത്തിലൂടെയുള്ള ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡ് പുനരുദ്ധാരണത്തിന് മൂന്നുകോടി രൂപയും വാമനപുരം കളമച്ചല്‍ റോഡ് പുതുക്കലിന് മൂന്നര കോടി രൂപയും അടക്കം ചിറയിന്‍കീഴ് മണ്ഡലത്തില്‍ 344.26 കോടി രൂപയുടെ പദ്ധതികളാണ് സംസഥാന ബജറ്റില്‍ ഇടംനേടിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."