സഊദിയില്‍ കടുത്ത നിയന്ത്രണം; രാജ്യാന്തര വിമാനസര്‍വിസുകള്‍ റദ്ദാക്കി
ഇഖാമ, റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റി
ജിദ്ദ: രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാ അന്താരാഷ്ട്ര സര്‍വിസുകളും സഊദി വ്യോമയാന മന്ത്രാലയം നിര്‍ത്തിവച്ചു.രണ്ടാഴ്ച്ചത്തേക്കാണ് വിമാന സര്‍വിസുകള്‍ നിര്‍ത്തിയത്. നിയന്ത്രണം ഇന്ന് രാവിലെ 11 മുതല്‍ പ്രാബല്യത്തില്‍ വരും.മുന്‍തീരുമാനം പോലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കു മാത്രം വിമാന സര്‍വിസുകള്‍ നിര്‍ത്തി വക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും രാജ്യത്ത് കൂടുതല്‍ കൊവിഡ് ബാധിതരെ കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാ അന്താരാഷ്ട്ര സര്‍വിസുകളും നിര്‍ത്തിവക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ കാലയളവില്‍ രാജ്യത്ത് തിരികെയെത്താന്‍ കഴിയാത്തവര്‍ക്ക് സര്‍വിസ് കാലാവധി ഔദ്യോഗിക അവധിയായി കണക്കാക്കും.
യൂറോപ്പിലെ 28 രാജ്യങ്ങള്‍ക്ക് പുറമെ, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂത്തി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ആണ് സഊദി ഏറ്റവും ഒടുവില്‍ റദ്ദാക്കിയത്. ഇതോടെ സഊദി യാത്രാ നിരോധനം പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ എണ്ണം 53 ആയി ഉയര്‍ന്നു.
അതേസമയം നിയന്ത്രണം ഏര്‍പ്പെടുത്തിയ കാലയളവില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ വിമാനങ്ങള്‍ സര്‍വിസ് നടത്തൂ.
അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസികളാണ് പുതിയ നിയന്ത്രണത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുക. വിസാ കാലാവധി അവസാനിക്കാറായ ഒട്ടേറെ മലയാളികളുടെ യാത്ര മുടങ്ങിയിരിക്കുകയാണ്. ഇവരുടെ ജോലി ഇതോടെ അനിശ്ചിതത്വത്തിലായി.
എന്നാല്‍ തിരിച്ചെത്താന്‍ കഴിയാത്തവരുടെ ഇഖാമ കാലാവധിയും റീ എന്‍ട്രി കാലാവധിയും നീട്ടി നല്‍കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ജവാസാത് ഡയരക്ടറേറ്റ് വ്യക്തമാക്കി. ഇതേ കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യാത്ര വിലക്ക് തീരുമാനം പ്രഖ്യാപിച്ച സമയത്ത് കാലാവധിയുള്ള റീ എന്‍ട്രികള്‍ ഓട്ടോമാറ്റിക് ആയി നീട്ടി നല്‍കും. നിര്‍ത്തിവച്ച വിമാന സര്‍വിസിന്റെ അതെ കാലയളവിലേക്കാണ് ദീര്‍ഘിപ്പിക്കുക. അതിനിടെ വിസിറ്റ് വിസകളില്‍ സഊദിയില്‍ എത്തിയവരുടെ വിസാ കാലാവധി നീട്ടി നല്‍കും. വിസിറ്റ് വിസയില്‍ സഊദിയില്‍ കഴിയാവുന്നത് പരമാവധി 180 ദിവസങ്ങളാണ്. പുതിയ പ്രത്യേക സാഹചര്യത്തില്‍ ഈ കാലാവധി കഴിഞ്ഞവരുടെയും വിസാ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കും. ഫാമിലി വിസിറ്റ് വിസകള്‍ അടക്കം ബിസിനസ്, ചികിത്സ, തൊഴില്‍, ടൂറിസ്റ്റ് സന്ദര്‍ശന വിസകളില്‍ എത്തിയവര്‍ക്കെല്ലാം വിസാ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കും. മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി വിസകളും നീട്ടി നല്‍കും. ഇതിനായി ജവാസത്തിനെ നേരിട്ട് സമീപിക്കുകയാണ് വേണ്ടത്. ആവശ്യമായ ഫീസ് അടച്ച് വിസകളുടെ കാലാവധി ദീര്‍ഘിപ്പിക്കാമെന്നും ജവാസാത്ത് ഡയരക്ടറേറ്റ് വ്യക്തമാക്കി.
അതേ സമയം രാജ്യത്ത് പുതിയ 24 കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 86 ആയി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."