നിര്‍മാണ പ്രവൃത്തികള്‍ തടയാന്‍ വനം വകുപ്പിന് അധികാരമില്ല: നൂല്‍പ്പുഴ പഞ്ചായത്ത്
സുല്‍ത്താന്‍ ബത്തേരി: ചെട്ട്യാലത്തൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ പാടില്ലെന്ന് പറയാന്‍ വനം വകുപ്പിന് അധികാരമില്ലെന്ന് നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏതു നിമിഷവും നിര്‍മാണം നിര്‍ത്തിവെക്കും. അവസാന കുട്ടിയും സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി പോകുന്നതുവരെ ആ കുട്ടിക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ജനജീവിതം ദുസഹമാക്കിക്കൊണ്ടിരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ദാര്‍ഷ്ട്യത്തിന് മുമ്പില്‍ പഞ്ചായത്ത് മുട്ടുമടക്കില്ല. നൂല്‍പ്പുഴ പഞ്ചായത്തിന് കീഴില്‍ വടക്കനാട്, കല്ലുമുക്ക്, മുത്തങ്ങ, ചെട്ട്യാലത്തൂര്‍ എന്നീ നാല് പ്രൈമറി സ്‌കൂളുകളാണുള്ളത്. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനും ഉതകുന്ന നൂതനമായ വിദ്യാഭ്യാസ പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി 12 വര്‍ഷത്തിന് ശേഷവും ലക്ഷ്യത്തിലെത്തിയിട്ടില്ല. ചെട്ട്യാലത്തൂര്‍ ഗ്രാമത്തില്‍ വയനാടന്‍ ചെട്ടി സമുദായവും കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ടവരുമാണുള്ളത്. 20 ആദിവാസി കുടുംബങ്ങളും ഏഴ് ജനറല്‍ വിഭാഗത്തില്‍പെട്ടവരും ഇപ്പോഴും ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്. 19 പട്ടികവര്‍ഗ കുട്ടികള്‍ ചെട്ട്യാലത്തൂര്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. സ്‌കൂള്‍ ആരംഭിച്ചിട്ട് 48 വര്‍ഷമായി. പഞ്ചായത്ത് സ്ഥാപനമായ സ്‌കൂളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പഞ്ചായത്തിന്റെ കടമയാണ്. പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ അവിടെ താമസിച്ചാണ് തൊഴില്‍ ചെയ്യുന്നത്. പി.ടി.എയും ഗ്രാമസഭയും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാല് ലക്ഷം രൂപ ചുറ്റുമതില്‍ നിര്‍മിക്കാന്‍ വകയിരുത്തിയത്. നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ നിര്‍മാണ പ്രവൃത്തി തടയാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. നിയമപരമായ മാര്‍ഗത്തിലൂടെ പ്രതിരോധനിര തീര്‍ക്കുമെന്നും ഭരണസമിതി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍, വൈസ് പ്രസിഡന്റ് നിര്‍മല, ബെന്നി കൈനിക്കല്‍, എം.കെ മോഹനന്‍, സി. ഫൈസല്‍, വി. ബാലന്‍, കനകമണി, പുഷ്പ ഭാസ്‌കരന്‍, ദീപ ഷാജി, സരോജിനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."