പുകയില നിയന്ത്രണം: സ്‌കൂളുകളില്‍ കര്‍ശന പരിശോധന ഉറപ്പുവരുത്തും
തൃശൂര്‍: കുട്ടികള്‍ക്ക് പുകയില വിരുദ്ധ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ പൊലിസ്, എക്‌സൈസ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോപ്റ്റ ജില്ലാതല അവലോകനയോഗത്തില്‍ തീരുമാനമായി. നഗര, ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പരിശോധന നടത്തി ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും.
ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്കും മാതാപിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തും. സിറ്റി- റൂറല്‍ പൊലിസ്, ആരോഗ്യ വിഭാഗം, വിദ്യാഭ്യാസ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുക. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പി.ടിഎ മീറ്റിങ് ചേര്‍ന്ന് രക്ഷിതാക്കളുമായി അധ്യാപകര്‍ ആശയവിനിമയം നടത്തണം.
നഗര പ്രദേശങ്ങളിലെ സ്‌കൂളുകളുടെ പരിസരങ്ങളിലും പഞ്ചായത്തുതലത്തിലുമുള്ള കടകളില്‍ പരിശോധന നടത്തി ലഹരി വസ്തുക്കളുടെ വില്‍പ്പന ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാകലക്ടര്‍ പൊലിസിന് നിര്‍ദേശം നല്‍കി. തൃശൂരിലെ മരുന്നുകടകളില്‍ ലഹരിമരുന്നുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം വരുത്താനും വനിതകളില്‍ ലഹരി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഡി.എം.ഒ കെ.ജെ റീന, ഡെപ്യൂട്ടി ഡി.എം.ഒ ബേബി ലക്ഷ്മി, ബിന്ദു തോമസ്, വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."