പാദങ്ങള്‍ നോക്കി സജീവന്‍ ഓര്‍ത്തെടുക്കും പേരുകള്‍
നജീബ് മുറ്റിച്ചൂര്‍
അന്തിക്കാട്: ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് നിങ്ങള്‍ സജീവനോട് ചോദിച്ചാല്‍ ഒരു പക്ഷേ സജീവന്‍ ആളെ പിടി കിട്ടാതെ അമ്പരന്നു നിന്നേക്കാം. പക്ഷേ, ഓര്‍മ്മയുണ്ടോ ഈ പാദങ്ങള്‍ എന്ന് സജീവനോട് ചോദിച്ചാല്‍ നിമിഷങ്ങള്‍ക്കകം സജീവന്‍ മുഖം നോക്കാതെ ആളെ തിരിച്ചറിയും. ഇത് അരിമ്പൂര്‍ സ്വദേശി മച്ചാടത്ത് സജീവന്റെ മാത്രം കഴിവ്. കാല്‍പാദങ്ങള്‍ നോക്കി ആളുകളെ തിരിച്ചറിഞ്ഞ് ശ്രദ്ധേയനാവുകയാണ് സജീവന്‍. പരിചയക്കാരുടെ പാദങ്ങള്‍ സജീവന് മന:പാഠമാണ്. പാദങ്ങള്‍ കണ്ടാല്‍ ഇവരുടെ മുഖങ്ങള്‍ സജീവന്റെ മനസില്‍ തെളിഞ്ഞു വരും.
ഏകദേശം അഞ്ഞൂറോളം ആളുകളുടെ പാദങ്ങളാണ് തന്റെ ഓര്‍മയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സജീവന്‍ അവകാശപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പരയ്ക്കാട് യു.പി സ്‌കൂളില്‍ പരിചയക്കാരായ 500 ഓളം പേരെ വിളിച്ചു വരുത്തി സജീവന്‍ ഇത് തെളിയിക്കുകയും ചെയ്തു.ഓട്ടോടാക്‌സി ഡ്രൈവറായ സജീവന്‍ യാദൃച്ഛികമായാണ് തന്റെ ഈ കഴിവ് കണ്ടെത്തിയത്. തന്റെ വാഹനത്തില്‍ കയറുന്നവരുടെ പാദങ്ങള്‍ നോക്കി ഒരു വിനോദമായാണ് ആദ്യം ഇത് തുടങ്ങിയത്. പാദങ്ങളുടെ രൂപം പെട്ടന്ന് മനസില്‍ പതിയാന്‍ തുടങ്ങിയപ്പോള്‍ സജീവന് തന്നെ അത്ഭുതമായി. പിന്നീട് അതൊരു ശീലമാക്കി. ഒരാളെ ഒറ്റ പ്രാവശ്യം കണ്ടാല്‍ അയാളുടെ പാദങ്ങള്‍ തന്റെ മനസില്‍ പതിഞ്ഞിരിക്കുമെന്ന് സജീവന്‍ പറയുന്നു. ആദ്യം തമാശയ്ക്കാണ് പരീക്ഷണം നടത്തിയത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് പത്തിരുപതു പേരെ നിര്‍ത്തി പാദങ്ങള്‍ മാത്രം നോക്കി പേരു വിളിച്ചു പറഞ്ഞു.
കൂട്ടുകാര്‍ക്കിടയില്‍ ഇതു പതിവായപ്പോള്‍ എല്ലാവരും കൂടി ചേര്‍ന്ന് അരിമ്പൂരില്‍ ആദ്യത്തെ പൊതുപ്രദര്‍ശനം നടത്തി. അന്ന് 200 ഓളം പരിചയക്കാരെയാണ് വിളിച്ചിരുന്നത്. ഷട്ടറിനു പിന്നില്‍ നില്‍ക്കുന്ന ഓരോരുത്തരുടെയും പേരുകള്‍ പാദങ്ങള്‍ മാത്രം നോക്കി സജീവന്‍ വിളിച്ചു പറഞ്ഞു. അന്ന് 20 ഓളം പേരൊഴിച്ച് ബാക്കിയെല്ലാവരുടെയും കാര്യത്തില്‍ സജീവന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല. പിന്നീടാണ് 500ഓളം പേരെ വിളിച്ചു വരുത്തി വീണ്ടും സജീവന്‍ പരീക്ഷിച്ചത്. ഇതില്‍ 25 പേരൊഴിച്ച് ബാക്കിയെല്ലാവരെയും സജീവന്‍ തിരിച്ചറിഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സജീവന് ശാസ്ത്രീയമായി വിശദീകരിക്കാന്‍ അറിയില്ലെങ്കിലും ആളുകളുടെ പാദങ്ങളെക്കുറിച്ച് തന്റേതായ വിലയിരുത്തല്‍ ഉണ്ട്. കുറിയ പാദങ്ങള്‍, നിലം തല്ലി പോലുള്ള പാദങ്ങള്‍, അണലിയുടെ തല പോലെ തള്ളവിരലുള്ള പാദങ്ങള്‍, നീളം കൂടിയ പദങ്ങള്‍ എന്നിങ്ങനെ പാദങ്ങളെ സജീവന്‍ തരം തിരിക്കുന്നുണ്ട്. നല്ലൊരു പക്ഷി നിരീക്ഷകന്‍ കൂടിയാണ് ഇദ്ദേഹം. ബിന്ദുവാണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്. സജീവന്റെ ഈ പ്രത്യേക കഴിവിനുള്ള അംഗീകാരമായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ സാക്ഷ്യപത്രം മച്ചാടത്ത് സജീവന് 2011ല്‍ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."