കാലവര്‍ഷം ശക്തമാകുന്നു വലിയപറമ്പ കടലോരവാസികള്‍ ഭയാശങ്കയില്‍
തൃക്കരിപ്പൂര്‍: കാലവര്‍ഷം ശക്തിപ്പെട്ടു തുടങ്ങുമ്പോള്‍ കടുത്ത ആശങ്കയിലാണു വലിയപറമ്പ കടലോര വാസികള്‍. കടല്‍ ക്ഷോഭം രൂക്ഷമാകുന്ന കാലവര്‍ഷത്തില്‍ ദ്വീപ് ജനതയ്ക്കു സംരക്ഷണത്തിനുള്ള പദ്ധതികളൊന്നും നടപ്പായില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കടുത്ത ഭീതിയിലാണ് ഇത്തവണ വലിയപറമ്പ ദ്വീപ് നിവാസികള്‍. മഴയോടൊപ്പമോ അല്ലാതെയോ വീശിയടിക്കുന്ന ശക്തമായ കാറ്റാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. കാറ്റില്‍ കടല്‍ ക്ഷോഭം രൂക്ഷമാകും.
വേലിയേറ്റ സമയങ്ങളില്‍ കടല്‍ വെള്ളം വീടുകളില്‍ വരെ എത്തുന്നുണ്ട്. കടലോര ഭാഗങ്ങളിലെ തെങ്ങുകള്‍ പലവര്‍ഷങ്ങളിലായി കടലെടുത്തു കഴിഞ്ഞു. ചിലത് ഏതു സമയത്തും കടലെടുക്കാമെന്ന നിലയിലാണ്. മഴ കനക്കുന്നതോടെ കടല്‍ക്ഷോഭം ശക്തമാകുമെന്ന ആശങ്കയുണ്ട്.
പഞ്ചായത്തിന്റെ തീരഭാഗങ്ങളെ സംരക്ഷിക്കാന്‍ കടല്‍ ഭിത്തികള്‍ എന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. കല്ലുകള്‍ എത്തിക്കുകയെന്ന ബുദ്ധിമുട്ടു പറഞ്ഞാണു കടല്‍ ഭിത്തിയെന്ന ആവശ്യം ഒഴിവാക്കിയത്.
എന്നാല്‍ രണ്ടു പാലങ്ങള്‍ വന്നുവെങ്കിലും അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ല. കടല്‍ ക്ഷോഭം തടയാന്‍ വനംവകുപ്പിന്റെ തീരവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാറ്റാടി മരങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്നെങ്കിലും കൂടുതല്‍ ഫലപ്രദമായില്ല. തീരം സംരക്ഷിക്കുന്നതിന് കടല്‍ ഭിത്തിക്കു പകരം ചെറിയ പുലിമുട്ടുകള്‍ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."