കൊവിഡിനെ ഒറ്റക്കെട്ടായി നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍
ന്യൂഡല്‍ഹി: കൊവിഡിനെ നേരിടാന്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി സാര്‍ക്ക് രാജ്യങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വീഡിയോ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കിയത്. കൊവിഡിനെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ അടിയന്തിര ഫണ്ട് സമാഹരിക്കണമെന്നു നിര്‍ദേശിച്ച മോദി, ഇന്ത്യ അതിലേക്ക് 10 ദശലക്ഷം യു.എസ് ഡോളര്‍ നല്‍കാമെന്ന് വ്യക്തമാക്കി. അടിയന്തിര സാഹചര്യത്തില്‍ ഈ തുക ഉപയോഗിക്കാമെന്നും മോദി നിര്‍ദേശിച്ചു. പാകിസ്താന് ആരോഗ്യമന്ത്രി സഫര്‍ മിര്‍സ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മഹ്മൂദ് സോലിഹ്, ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടെയ് ഷെറിങ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി, ബംഗ്ലദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടാബയ രാജപക്സ, അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഗനി എന്നിവരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയിലെ ആശയവിനിമയം തുടരാനും തീരുമാനിച്ചു.
വികസിത രാജ്യങ്ങളെന്ന നിലയില്‍ ഈ വെല്ലുവിളികളെ നേരിടാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. സാര്‍ക്ക് രാജ്യങ്ങള്‍ക്കായി സംയുക്ത പ്രോട്ടോക്കോള്‍ വേണം. എംബസികളും വിദേശകാര്യ സെക്രട്ടറിമാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സാങ്കേതികവിദ്യകളുടെ കൈമാറ്റം വേണമെന്നും മോദി പറഞ്ഞു.
വൈറസിനെതിരേ പൊരുതാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ പൊതുവായ കര്‍മപരിപാടി രൂപപ്പെടുത്തണമെന്ന് അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഗനി അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിനും ഒറ്റയ്ക്കു കൊറോണ ബാധയെ നേരിടാന്‍ കഴിയില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മഹ്മൂദ് സോലിഹ് പറഞ്ഞു. അതിനാല്‍ ഒറ്റക്കെട്ടായുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യങ്ങളില്‍ ആരോഗ്യമന്ത്രിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയങ്ങളും വിവരങ്ങളും കൈമാറാനുള്ള സംവിധാനമുണ്ടാക്കണമെന്ന് ബംഗ്ലദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന പറഞ്ഞു.
കൊവിഡിനെതിരേ പോരാടാന്‍ സാര്‍ക്ക് മേഖലയ്ക്ക് പ്രത്യേകമായി പദ്ധതി രൂപീകരിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി പറഞ്ഞു. രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒന്നിക്കേണ്ട സമയമാണിതെന്ന് ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടെയ് ഷെറിങ് പറഞ്ഞു. എല്ലാ സാര്‍ക്ക് രാജ്യങ്ങളിലും രോഗം പരന്ന സാഹചര്യത്തില്‍ ഏറ്റവും മോശമായ സാഹചര്യം തന്നെ നേരിടാന്‍ നമ്മള് സജ്ജരായിരിക്കണമെന്ന് പാകിസ്താന് ആരോഗ്യമന്ത്രി സഫര്‍ മിര്‍സ പറഞ്ഞു. ശ്രീലങ്കയുടെ ടൂറിസം മേഖലയെ കൊറോണ കാര്യമായി ബാധിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടാബയ രാജപക്സ പറഞ്ഞു. ഈ സങ്കീര്‍ണ ഘട്ടത്തില്‍ രാജ്യങ്ങള്‍ പരസ്പരം സഹകരിച്ചു മുന്നേറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസംഗത്തിനിടെ, കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ ജമ്മു- കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും മാറ്റണമെന്ന് പാകിസ്താന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനു മോദി മറുപടി നല്‍കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."