സൗജന്യ ആംബുലന്‍സ് സര്‍വിസുമായി കരിമ്പം സൗഹൃദ സംഘം
തളിപ്പറമ്പ് : വാര്‍ഷികാഘോഷങ്ങള്‍ ആസ്വാദനപരമായ പരിപാടികള്‍ സംഘടിപ്പിച്ച് ആര്‍ഭാടം കാണിക്കുകയും പ്രവര്‍ത്തനങ്ങള്‍ തങ്ങളിലേക്ക് ഒതുക്കുകയും ചെയ്യുന്ന സംഘടനകളില്‍ നിന്നും വ്യത്യസ്തമാവുകയാണ് കരിമ്പത്തെ സൗഹൃദ സ്വാശ്രയ സംഘം. രൂപീകരിച്ച് മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൂന്നാമത്തെ ആംബുലന്‍സും പുറത്തിറക്കിയിരിക്കുകയാണിവര്‍. ഒപ്പം സാന്ത്വന പരിചരണ രംഗത്ത് മികച്ച പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന ഐ.ആര്‍.പി.സി കുറുമാത്തൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കിടപ്പുരോഗി പരിചരണത്തിന് വേണ്ടി സൗജന്യമായി സര്‍വിസ് നടത്തുമെന്ന വാഗ്ദാനവും ഇവര്‍ നല്‍കുന്നു.
അത്യാധുനിക സൗകര്യമുളളതുള്‍പ്പെടെ നേരത്തെ നിരത്തിലിറക്കിയ രണ്ട് ആംബുലന്‍സുകളും മികച്ച രീതിയില്‍ സര്‍വ്വിസ് നടത്തിവരികയാണ്. തങ്ങളെ ആശ്രയിക്കുന്ന നിര്‍ധനരായ രോഗികള്‍ക്കു വേണ്ടി സൗജന്യ സര്‍വിസ് ഉള്‍പ്പെടെ മിതമായ നിരക്കിലാണ്24 മണിക്കൂറും ഇവ സര്‍വിസ് നടത്തുന്നത്. ഗ്രാമങ്ങളിലെ ചെറു റോഡുകളില്‍ സുഗമമായി സര്‍വിസ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ മിനി ആബുലന്‍സ് തിരഞ്ഞെടുത്തതെന്ന് സംഘം പ്രസിഡന്റ് കെ.വി സനല്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം കരിമ്പത്തെ സൗഹൃദ സ്വാശ്രയ സംഘം ഓഫിസില്‍ നടന്ന ചടങ്ങില്‍ കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാച്ചേനി രാജീവന്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം സെക്രട്ടറി എ.വി ദിനൂപ് അധ്യക്ഷനായി. സംഘം മെംബര്‍മാരും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."