ഡി.ജി.പിയെ നിരീക്ഷണത്തിലാക്കിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: മുല്ലപ്പള്ളി
തിരുവനന്തപുരം: കൊവിഡ്19 ബാധയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടണ്‍ യാത്ര കഴിഞ്ഞ് തിരികെയെത്തിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ നീരീക്ഷണത്തിലാക്കിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാര്‍ച്ച് മൂന്ന് മുതല്‍ അഞ്ച് വരെയായിരുന്നു ഡി.ജി.പിയുടെ ബ്രിട്ടണ്‍ പര്യടനം. രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ പൊലിസ് മേധാവി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി വിവരമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെത്തിയ വിദേശപൗരന് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും അവിടെ നിന്ന് ചാടിപ്പോയത് വിവാദമായിരിക്കുകയാണ്. മാര്‍ച്ച് 4 മുതല്‍ യൂനിവേഴ്‌സല്‍ സ്‌ക്രീനിങ് ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണം. എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന ബ്രട്ടീഷ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ പൊലിസ് മേധാവിക്കു ബാധകമാക്കിയിട്ടുണ്ടോ എന്ന ആശങ്കയാണ് ഉയരുന്നത്. ഇറ്റലിയില്‍നിന്നു തിരികെയെത്തിയ റാന്നിയിലെ കുടുംബം യാതൊരുവിധ മുന്നറിയിപ്പോ സൗകര്യങ്ങളോ ഏര്‍പ്പെടുത്താതിരുന്ന നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്കു പോയപ്പോള്‍ അവര്‍ നാടിനെ വഞ്ചിച്ചുവെന്നാണ് ആരോഗ്യമന്ത്രിയും സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രൈം ടൈമില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സാമൂഹ്യബോധവും കടമയും പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് തുടരെ തുടരെ പറയുന്നത്. അങ്ങനെയെങ്കില്‍ ഡി.ജി.പിയെ നിരീക്ഷിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."