ചെക്‌പോസ്റ്റുകളില്‍ പരിശോധന
തിരുവനന്തപുരം: കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളില്‍ പരിശോധന. ബസുകള്‍ അടക്കം എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. വാഹനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് പനിയുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
തുടര്‍ന്ന് യാത്രക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷമാണ് പോകാന്‍ അനുവദിക്കുന്നത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍, കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ എന്നിവരോട് ആരോഗ്യവകുപ്പിനെ ബന്ധപ്പെടാനും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, തിരുവനന്തപുരത്തും പാലക്കാട്ടും പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ വൈകിയാണെത്തിയതെന്ന് പരാതി ഉയര്‍ന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 35 പോയിന്റുകളില്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കും. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങയ്ക്ക് സമീപം മൂലഹള്ളയില്‍ കര്‍ണാടക ആരോഗ്യവകുപ്പും പരിശോധന നടത്തുന്നുണ്ട്. ആശങ്ക അവസാനിക്കുന്നതുവരെ സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന തുടരാനാണ് ആരോഗ്യവകുപ്പിനും പൊലിസിനും നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിമാനത്താവളങ്ങളില്‍ എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."