ചൊവ്വര തുമ്പാത്തോടിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും
കാലടി: പെരിയാര്‍ നദിയുടെ കൈവഴിയായ ചൊവ്വര തുമ്പാത്തോടിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനും തോട് വികസിപ്പിക്കുന്നതിനും എറണാകുളം ജില്ലാ പഞ്ചായത്ത് ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 20നകം ആരംഭിക്കും. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സരള മോഹന്‍ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ,ശ്രീ മൂലനഗരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി സോണി ,സുലൈമാന്‍ പുതുവാന്‍കുന്ന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പെരിയാര്‍ നദിയില്‍ നിന്നും തൂമ്പാത്തോട് ആരംഭിക്കുന്ന ചൊവ്വര ഭാഗത്ത് നിന്നും 240 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും തടസപ്പെട്ടുകിടക്കുന്ന പുഴയുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇതിനായി ഈ ഭാഗത്തു നിന്നും 4800 ക്യുബിക് മീറ്റര്‍ മണ്ണ് ഒരു മീറ്റര്‍ ആഴത്തില്‍ ഖനനം ചെയ്ത് മാറ്റും. ഇവിടെ ഏതാണ്ട് രണ്ടേക്കറോളം സ്ഥലം പുഴ ഇടിഞ്ഞ് പറമ്പായി മാറിയിട്ടുണ്ട്. ഒരു കാലത്ത് കോട്ടപ്പുറം കൊടുങ്ങല്ലൂര്‍ വരെ സഞ്ചരിക്കാവുന്ന ജലപാതയായിരുന്ന തുമ്പാത്തോട് ഇന്ന് ഇരുവശവും ഇടിഞ്ഞ് തോട് തന്നെ ഇല്ലാതാവുന്ന സ്ഥിതിയാണ്.
ജനങ്ങള്‍ കുളിക്കാനും അലക്കാനും ജലസേചനത്തിനുമൊക്കെ ഇന തോടാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ജില്ലാ പഞ്ചായത്ത് തോടിന്റെ വികസനത്തിന് പ്രാരംഭമായി പത്തുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളതെങ്കിലും തുടര്‍ വികസനത്തിന് ആവശ്യമായ ഫണ്ട് ഇനിയും വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വ്യക്തമാക്കി. ചൊവ്വരയില്‍ നിന്നും ആരംഭിച്ച്ആലുവ ശിവരാത്രി മണപ്പുറം ഭാഗം വരെ എത്തി നില്‍ക്കുന്ന തോടിന്റെ ആകെ ദൈര്‍ഘ്യം നാലര കിലോമീറ്ററാണ്. നേരത്തെ 70 മീറ്റര്‍ വീതിയുണ്ടായിരുന്ന തോടിന് ഇപ്പോള്‍ 20 മീറ്റര്‍ വീതി പോലും ഇല്ല. അമ്പത്തിയെട്ടോളം ചെറുതും വലുതുമായ ഇറിഗേഷന്‍ പമ്പുകള്‍ തോടിന്റെ ഇരു സൈഡുകളിലുമായി പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ 50 എണ്ണവും സ്വകാര്യ വ്യക്തികളുടേതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിത്ത് ഉല്‍പ്പാദന കേന്ദ്രത്തിലേക്കും ഇവിടെ നിന്നുമാണ് വെള്ളം പമ്പ് ചെയ്തു വരുന്നത്. നേരത്തെ ഹരിത കേരളം പദ്ധതിയില്‍പ്പെടുത്തി ആറരക്കോടി രൂപ ചെലവഴിച്ച് തോടിന്റെ വികസനത്തിന് മുന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചെങ്കിലും ഇതിന്റെ നടപടികള്‍. പിന്നീട് കടലാസില്‍ മാത്രം ഒതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."