കുഞ്ചിയാര്‍പതിയില്‍ ആദിവാസി യുവാവിനെ വെട്ടിക്കൊന്നു
മംഗലം ഡാം: പാലക്കാട് കുഞ്ചിയാര്‍പതി അയ്യപ്പന്‍പാടിയില്‍ ആദിവാസി യുവാവിനെ വെട്ടിക്കൊന്നു. തളികക്കല്ല് ആദിവാസി കോളനിയിലെ രാജഗോപാലന്റെ മകന്‍ മോഹനന്‍ (28) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ശശീന്ദ്രനെ തലയ്ക്കും കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും പരുക്കുകളോടെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉള്‍വനത്തിലായിരുന്ന തളികക്കല്ല് കോളനിക്കാരായ ചന്ദ്രന്റെ മകന്‍ ശശീന്ദ്രനും മോഹനനും ഇയാളുടെ അമ്മാവന്‍ ഉണ്ണികൃഷ്ണനും പുറത്തു വന്ന് ഭക്ഷ്യസാധനങ്ങള്‍ വാങ്ങി തിരികെ പോകുമ്പോള്‍ കുഞ്ചിയാര്‍ പാതി- വട്ടഞ്ചേരി കാട്ടില്‍ വച്ച് ശനിയാഴ്ച വൈകീട്ട് 7.30ഓടെ ആറംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. തളികക്കല്ല് കോളനിയിലെ തന്നെ വേലായുധന്‍, മക്കളായ ബൈജു, സൈജു, സുനി, കോളനിയിലെ സുദേവന്‍, കുഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
വനവിഭവങ്ങള്‍ ശേഖരിക്കലുമായി ബന്ധപ്പെട്ടുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവരുടെ പേരില്‍ മംഗലം ഡാം പൊലിസ് കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസിലെ ഒന്നാം പ്രതി വേലായുധന്‍ തോര്‍ത്തുമുണ്ടില്‍ കല്ലു കെട്ടി ശശീന്ദ്രനെ അടിച്ചു. നിലത്തു വീണ ശശീന്ദ്രനെ സുനിയും വടി കൊണ്ട് അടിച്ചു. ഇതു തടഞ്ഞ മോഹനനെ വേലായുധന്‍ കൊടുവാള്‍കൊണ്ട് തലയ്ക്കു വെട്ടുകയായിരുന്നു.
മറ്റു പ്രതികള്‍ വടികള്‍ കൊണ്ട് ആക്രമണം തുടങ്ങിയതോടെ മൂന്നു പേരും ചിതറിയോടിയെങ്കിലും മോഹനനെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയെന്ന് പരുക്കേറ്റ് ആശുപത്രിയിലുള്ള ശശീന്ദ്രന്‍ പറഞ്ഞു.
ഇന്നലെ രാവിലെ കാട്ടില്‍ ഒരാളുടെ മൃതശരീരം കിടക്കുന്നതു കണ്ട് തോട്ടം തൊഴിലാളികള്‍ അറിയിച്ചതനുസരിച്ച് മംഗലം ഡാം പൊലിസ് സ്ഥലത്തെത്തുകയായിരുന്നു. പൊലിസ് എത്തിയതിനു ശേഷമാണ് പരുക്കേറ്റ് ഉള്‍വനത്തിലേക്ക് ഓടിയ ശശീന്ദ്രനെ കണ്ടുപിടിച്ച് ആശുപത്രിയിലേക്ക് അയച്ചത്.
ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം ദേവസ്യ, മംഗലം ഡാം എസ്.ഐ നീല്‍ ഹെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. പ്രതികള്‍ ആറുപേരും ഉള്‍വനത്തിലേക്കു രക്ഷപ്പെട്ടതായും പൊലിസ് പറഞ്ഞു. കൊല്ലപ്പെട്ട മോഹനന്റെ മൂത്ത മകന്‍ സഞ്ജു കഴിഞ്ഞ വര്‍ഷം മരക്കൊമ്പ് ദേഹത്തു വീണ് മരിച്ചിരുന്നു. ഭാര്യ: അഞ്ജു. മറ്റു മക്കള്‍: അനന്തു, അശ്വിന്‍, അനമോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."