വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവും വിസ തട്ടിപ്പും; യുവതി അറസ്റ്റില്‍
കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ മറവില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളും വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു വിസാ തട്ടിപ്പും നടത്തുന്ന യുവതി അറസ്റ്റില്‍. എറണാകുളം പാലാരിവട്ടം ജനതാറോഡിലെ പെന്റാ എസ്റ്റേറ്റില്‍ മൂന്നു കൊല്ലമായി തൊഴിലധിഷ്ഠിത സ്ഥാപനം നടത്തുന്ന തലശേരി കൂത്തുപറമ്പ് നീര്‍വേലി ക്രെസന്റ് മഹലില്‍ സയിഷാന ഹുസൈന്‍ (28) ആണ് പാലാരിവട്ടം പൊലിസിന്റെ പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാര്‍ഥികള്‍ തട്ടിപ്പിനിരയായി.
വിദേശത്തു ജോലി സാധ്യതയുള്ള ഹെല്‍ത്ത് സേഫ്റ്റി എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്. 2017ല്‍ സ്ഥാപനം തുടങ്ങുമ്പോള്‍ 'നിസെറ്റ് (എന്‍.ഐ.എസ്.ഇ.ടി)' എന്നായിരുന്നു പേര്. ചെന്നൈ ക്രോംപേട്ടിലെ 'റെഡ്ഹാറ്റ് സേഫ്റ്റി ട്രെയ്‌നിങ് ആന്‍ഡ് കണ്‍സല്‍ട്ടന്‍സി'യുടെ ശാഖയാണെന്നും കോഴ്‌സ് പാസായാല്‍ വിദേശത്ത് എളുപ്പം ജോലി കിട്ടുമെന്നും പ്ലേസ്‌മെന്റ് തരപ്പെടുത്തി തരാമെന്നും വിശ്വസിപ്പിച്ചാണു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. 20,000 മുതല്‍ 50,000 രൂപ വരെയാണു ഫീസ്.
10 മുതല്‍ ഒരു മാസം വരെയാണ് കോഴ്‌സ് ദൈര്‍ഘ്യം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് റെഡ്ഹാറ്റിന്റെയും നിസെറ്റിന്റെയും മറ്റു സ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നല്‍കി. ഇതിനിടെ കഴിഞ്ഞ കൊല്ലം സ്ഥാപനത്തിന്റെ പേര് 'ക്യു.എച്ച്.എസ്.ഇ ഇന്‍സ്റ്റിറ്റ്യൂട്ട്' എന്നു മാറ്റി. കേന്ദ്ര ഏജന്‍സിയായ ഭാരത് സേവക് സമാജത്തിന്റെ (ബി.എസ്.എസ്) അംഗീകാരമുള്ള ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്‌സും ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ അംഗീകാരമുള്ള സേഫ്റ്റി കോഴ്‌സും ഇവിടെ നടത്തുന്നതായി വിദ്യാര്‍ഥികളെ വിശ്വസിപ്പിച്ചായിരുന്നു പ്രവേശനം നല്‍കുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ള തിരുവനന്തപുരത്തെ ഒരു പരിശീലന കേന്ദ്രത്തിന്റെ അംഗീകാരം ഉണ്ടെന്നും ബ്രോഷറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ സ്ഥാപനം സര്‍ക്കാര്‍ ഇതര സ്ഥാപനമാണെന്നു പൊലിസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
ഭാരത് സേവക് സമാജം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളാണെന്നു തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പു നടത്തിയിരുന്നു. പാലാരിവട്ടത്തെ സ്ഥാപനത്തില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിച്ചപ്പോഴാണ് അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നു വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നു പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. വിദേശത്തു ജോലി വാഗ്ദാനം ചെയ്തു വാങ്ങിയ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ രേഖകളും ഇവിടെ നിന്നും പിടിച്ചെടുത്തു.
കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണു കേസെടുത്തത്. അറസ്റ്റ് വിവരമറിഞ്ഞു കൂടുതല്‍ പരാതികള്‍ ലഭിച്ചു. എറണാകുളം എ.സി.പി കെ.ലാല്‍ജി, എസ്.ഐ എസ്.സനല്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."